Amit Shah | Photo: Sabu Scaria
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങിയ വിമതരെ അടിച്ചമർത്താതെ പ്രശ്നം പറഞ്ഞൊതുക്കാൻ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം. സ്ഥാനാർഥിത്വത്തിനായി മുറവിളി കൂട്ടുന്നവർ ദീർഘകാല പ്രവർത്തകരാണെന്ന കാര്യം ഓർമിച്ച് ഇടപെടണം.
പാർട്ടിയാസ്ഥാനത്ത് അഞ്ച് മണിക്കൂർനീണ്ട അനുനയ ചർച്ചകളിൽ അമിത് ഷാ പങ്കെടുത്തിരുന്നു. തുടർന്നും അദ്ദേഹം സംസ്ഥാനത്ത് തങ്ങുകയാണ്. കഴിഞ്ഞദിവസം രാത്രി നഗരത്തിലെ വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പുസമിതി ഓഫീസുകൾ സന്ദർശിച്ച് ആവേശം പകർന്നു. ചൊവ്വാഴ്ച സാനന്ദിലെ സ്ഥാനാർഥിക്കൊപ്പം പത്രികാ സമർപ്പണത്തിനും പോയി. ‘എല്ലാ റെക്കോഡും മറികടക്കുന്ന പ്രകടനമായിരിക്കും ഇത്തവണ ബി.ജെ.പി.യുടേത്...’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒന്നാം ഘട്ടത്തിലെ പത്രിക പിൻവലിക്കാൻ ഒരുദിവസംമാത്രം ശേഷിക്കേ, വിവിധ മണ്ഡലങ്ങളിലെ പ്രശ്നങ്ങൾ തീർക്കാൻ മുതിർന്ന നേതാക്കളെ നിയോഗിച്ചിരിക്കുകയാണ്. ബോട്ടാദ്, ഗധാദ, വധ്വാൻ, ചോര്യാസി എന്നിവിടങ്ങളിൽ വിമതർ പത്രിക നൽകുന്നത് ഒഴിവാക്കാനായി. എന്നാൽ, നർമദയിലെ നന്ദോദിൽ ഹർഷദ് വസാവയും ജുണഗഢിലെ കേശേദിൽ അരവിന്ദ് ലഡാനിയും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. വഡോദരയിൽ പാർട്ടിയിൽനിന്ന് രാജിവെച്ച മധു ശ്രീവാസ്തവയെ മെരുക്കാൻ ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്‍വിക്ക് കഴിഞ്ഞിട്ടുമില്ല.
Content Highlights: amith shah on gujarat assembly elections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..