അമൃത്പാൽ സിങ്,പഞ്ചാബിലെ അമൃത്പാലിന്റെ വസതിയ്ക്കു മുമ്പിൽ നിലയുറപ്പിച്ച പോലീസ് | Photo: AFP, ANI
ചണ്ഡീഗഢ്: അമൃത്പാൽ സിങ് വിഷയത്തിൽ പഞ്ചാബ് പോലീസിനുനേരെ രൂക്ഷവിമർശനവുമായി പഞ്ചാബ്-ഹരിയാണ ഹൈക്കോടതി. അമൃത്പാലിനെതിരായ ഇതുവരെയുള്ള നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
എങ്ങനെ അമൃത്പാൽ രക്ഷപ്പെട്ടു? ഈ സമയത്ത് 80,000 പോലീസുകാർ എന്തുചെയ്യുകയായിരുന്നു? -കോടതി ചോദിച്ചു. ഇത് രഹസ്യാന്വേഷണവിഭാഗത്തിന്റെ വീഴ്ചയാണെന്നും കോടതി കുറ്റപ്പെടുത്തി. ഇതിനകം 120 അമൃത്പാൽ അനുകൂലികളെ അറസ്റ്റുചെയ്തുവെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. അമൃത്പാൽ ഒഴികെയുള്ളവരെ എങ്ങനെ അറസ്റ്റുചെയ്തെന്നും ഈ കഥ വിശ്വസിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിനിടെ, അമൃത്പാൽ സിങ്ങിനെതിരേ കർശനമായ ദേശീയ സുരക്ഷാനിയമം ചുമത്തിയെന്ന് പഞ്ചാബ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പഞ്ചാബ് വിട്ടിട്ടുണ്ടാകാമെന്ന് പോലീസ്; സംശയം ബലപ്പെടുത്തിയത് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും കാറും
ചണ്ഡീഗഢ്: ദിവസങ്ങളായി പോലീസ് തിരയുന്ന ഖലിസ്താന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ് പഞ്ചാബ് വിട്ടിട്ടുണ്ടാകുമെന്ന് പോലീസ്. ഇയാളുടെ വസ്ത്രങ്ങളും കാറും ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.
സ്ഥിരമായി സഞ്ചരിച്ചിരുന്ന കാര്‍ വഴിയിലുപേക്ഷിച്ച് സഹായിയുടെ ബൈക്കിലാണ് ആദ്യം പോലീസിനെ വെട്ടിച്ചത്. പിന്നീട് മറ്റൊരു കാറില്‍ മാറിക്കയറിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കണ്ടെടുത്തു. ഇതില്‍ ആയുധങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കരുതുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമൃത്പാലിനെ പിടിക്കാനുള്ള ദൗത്യത്തിനിടെ 114 പേര്‍ കസ്റ്റഡിയിലായി. ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തു. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനുപിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ അമൃത്പാലിന്റെ അമ്മാവന്‍ ഹര്‍ജിത് സിങ് ഉള്‍പ്പെടെ മൂന്ന് അനുയായികളെ അസമിലെ ദിബ്രുഗഢിലുള്ള അതിസുരക്ഷാ ജയിലിലെത്തിച്ചു. ഞായറാഴ്ച മുതല്‍ 'വാരിസ് പഞ്ചാബ് ദേ'യുടെ മറ്റ് ഏഴ് അനുയായികളെയും ജയിലില്‍ അടച്ചിട്ടുണ്ട്.
സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല - ഭഗവന്ത് മാന്‍
ചണ്ഡീഗഢ്: സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അതിനു ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. െഎക്യത്തിനും സമാധാനത്തിനുമാണ് പ്രഥമപരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
'വാരിസ് പഞ്ചാബ് ദേ' യ്‌ക്കെതിരേ ശനിയാഴ്ചമുതല്‍ പോലീസ് നടപടിയുണ്ട്. രാജ്യത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ മൂന്ന് കോടി പഞ്ചാബ് ജനതയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഭയപ്പെടുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു. അമൃത്പാല്‍ സിങ്ങിനെപ്പോലുള്ളവരുടെ നടപടികള്‍ ആം ആദ്മി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്താന്‍ വാദികളെ പിന്തുണയ്ക്കുന്നത് ഐ.എസ്.ഐ. എന്ന് വിവരം
ചണ്ഡീഗഢ്: പഞ്ചാബില്‍ പോലീസ് തിരയുന്ന തീവ്ര മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ്ങിന്റെ അതിവേഗമുള്ള വളര്‍ച്ചയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത് പാക് ചാരസംഘടനയായ ഐ.എസ്.ഐ. ആണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അമൃത്പാലിനുനേരെയുള്ള പോലീസ് നടപടികള്‍ക്കെതിരേ ലണ്ടന്‍, സാന്‍ ഫ്രാന്‍സിസ്‌കോ, കാന്‍ബറ തുടങ്ങിയ വിദേശനഗരങ്ങളില്‍ പ്രതിഷേധവും അക്രമവും നടത്താന്‍ ഖലിസ്താന്‍വാദികളെ പ്രേരിപ്പിച്ചതും ഐ.എസ്.ഐ. ആണെന്നതിന് വ്യക്തമായി തെളിവു ലഭിച്ചിട്ടുണ്ട്.
'മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങളെ'ന്ന പേരില്‍ യുവാക്കള്‍ക്ക് പഠനക്‌ളാസുകളും മതപ്രബോധനവും നടത്തിയിരുന്ന സ്ഥാപനങ്ങള്‍ അമൃത്പാലിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ കേന്ദ്രങ്ങളില്‍ യുവാക്കള്‍ക്ക് ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഐ.എസ്.ഐ. സഹായത്തോടെയായിരുന്നു പരിശീലനമെന്നാണ് സൂചന. വിദേശ സഹായധനവും ലഭിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇതേക്കുറിച്ചെല്ലാം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രണ്ടാം ഭിന്ദ്രന്‍വാലയെന്ന് അറിയപ്പെട്ടിരുന്ന അമൃത്പാലിന് വിദേശത്ത് അനുയായികളെ വളര്‍ത്തുന്നതിനായി ഐ.എസ്.ഐ. തീവ്രശ്രമം നടത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ്.ഐ. ഏജന്റുമാരാണ് മതവികാരം മുതലെടുത്തുകൊണ്ട് ഇത്തരക്കാരെ ഏകോപിപ്പിക്കുന്നത്. അവരാണ് കഴിഞ്ഞദിവസങ്ങളില്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നിലെന്നാണ് പോലീസ് പറയുന്നത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കഴിഞ്ഞ മാസങ്ങളില്‍ ഖലിസ്താന്‍ അനുകൂലികള്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചുതകര്‍ത്തിരുന്നു. കാനഡയിലും ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടായി. വിദേശരാജ്യങ്ങളില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം കൂടിവരുന്നതില്‍ വിദേശമന്ത്രാലയം ഈയിടെ ശക്തമായി പ്രതികരിച്ചിരുന്നു.
Content Highlights: Amritpal singh punjab- haryana high court punjab police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..