സഖ്യത്തെച്ചൊല്ലി തമിഴ്‌നാട് BJPയിൽ ഭിന്നത: AIADMK സഖ്യം തുടർന്നാൽ സ്ഥാനമൊഴിയും- അണ്ണാമലൈയുടെ ഭീഷണി


കെ. അണ്ണാമലൈ | Photo: ANI

ചെന്നൈ: ലോക്‌സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിക്കുമെന്ന കെ. അണ്ണാമലൈയുടെ പ്രസ്താവനയെച്ചൊല്ലി തമിഴ്‌നാട് ബി.ജെ.പി.യിൽ ഭിന്നത രൂക്ഷം. അണ്ണാമലൈയുടേത് വ്യക്തിപരമായ തീരുമാനമാണെന്നാണ് മറ്റുനേതാക്കൾ പറയുന്നത്. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കിയാൽ രാജിവെക്കുമെന്ന് അണ്ണാമലൈ ദേശീയനേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിയുന്നത്.

ചെന്നൈയിൽനടന്ന പാർട്ടിഭാരവാഹികളുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തനിച്ചുമത്സരിക്കണമെന്ന് അണ്ണാമലൈ നിർദേശിച്ചത്. പാർട്ടിയുടെ അധ്യക്ഷപദവിയേറ്റത് ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാനാണെന്നും എ.ഐ.എ.ഡി.എം.കെ.യുടെ പിന്നിൽ നിൽക്കാനല്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്തെ പ്രബലകക്ഷിയാവുകയെന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ ബി.ജെ.പി. തനിച്ചുമത്സരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടിയുടെ മുതിർന്നനേതാക്കളായ വാനതി ശ്രീനിവാസനും നാരായണൻ തിരുപ്പതിയും എതിർപ്പുപ്രകടിപ്പിച്ചെന്നാണ് അറിയുന്നത്. ഇക്കാര്യം വിശദീകരിക്കണമെന്ന് നാരായണൻ ആവശ്യപ്പെട്ടു. സഖ്യം ഉപേക്ഷിക്കുന്നത് ബുദ്ധിയല്ലെന്ന് വാനതി ശ്രീനിവാസൻ പറഞ്ഞു.

പാർട്ടിനേതാവ് നൈനാർ നാഗേന്ദ്രൻ അണ്ണാമലൈയ്ക്കെതിരേ പരസ്യമായി പ്രതികരിച്ചു. അണ്ണാമലൈയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ദേശീയനേതൃത്വത്തിന്റെ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യമില്ലാതെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പു നടക്കാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിച്ചുമത്സരിക്കുന്ന കാര്യം ബി.ജെ.പി. ദേശീയനേതൃത്വവുമായി ചർച്ചചെയ്യാൻ അണ്ണാമലൈ സമയംതേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഈമാസം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലെത്തുമ്പോൾ ഈ വിഷയം അണ്ണാമലൈ ഉന്നയിക്കും. തന്റെ അഭിപ്രായം മറികടന്ന് സഖ്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ പാർട്ടി അധ്യക്ഷപദം രാജിവെക്കുമെന്ന് അദ്ദേഹം അടുത്ത അനുയായികളെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ സഖ്യത്തെക്കുറിച്ച് തീരുമാനിക്കുന്നത് ബി.ജെ.പി.യല്ല, എ.ഐ.എ.ഡി.എം.കെ.യാണെന്നായിരുന്നു പാർട്ടിനേതാവ് ഡി. ജയകുമാറിന്റെ പ്രതികരണം. പ്രവർത്തകരെ രസിപ്പിക്കാനാവും അണ്ണാമലൈ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നും ജയകുമാർ പറഞ്ഞു. ബി.ജെ.പി. ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം എ.ഐ.എ.ഡി.എം.കെ.യിലും പ്രബലമാണ്.

Content Highlights: Annamalai says he would rather resign as T.N. BJP president than continue alliance with AIADMK

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..