ഫ്രാൻസിസ് മാർപാപ്പ| ഫോട്ടോ: എ.എഫ്.പി
അഹമ്മദാബാദ്: മാർപാപ്പയെ സ്വഭാവഹത്യനടത്തി പൊതുവേദിയിൽ പ്രസംഗിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരേ പ്രതിഷേധവുമായി ഗാന്ധിനഗർ അതിരൂപത രംഗത്തുവന്നു. കത്തോലിക്കാ സ്ഥാപനങ്ങളിലെ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നും ആർച്ച് ബിഷപ്പ് തോമസ് ഇഗ്നേഷ്യസ് മക്വാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഉത്തരഗുജറാത്തിൽ മഹെസാണ ജില്ലയിലെ കഡിയിൽ ഈയിടെനടന്ന ബജ്‌റംഗ്‌ദളിന്റെ ത്രിശൂലദീക്ഷാ ചടങ്ങിലാണ് വി.എച്ച്.പി. നേതാക്കൾ മാർപാപ്പയെ അവഹേളിച്ച് പ്രസംഗിച്ചത്. ളോഹയിട്ട് ഗ്രാമങ്ങളിൽ കറങ്ങിനടക്കുന്നവരെ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട്.
മാർപാപ്പയ്ക്കെതിരായ പരാമർശങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് കത്തിൽ പറഞ്ഞു. ആത്മാർഥമായി ജനസേവനം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരേയും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ പിന്തുണയുമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ ഗുജറാത്തിലെ ക്രൈസ്തവസമൂഹം ആശങ്കയിലാണ് -അദ്ദേഹം പറഞ്ഞു.
കഡിയിലെ ക്രൈസ്തവ ദേവാലയമായ ഉന്ധേശ്വരി മാതാ മന്ദിറിനെതിരേയാണ് വി.എച്ച്.പി. നേതാക്കൾ തിരിഞ്ഞത്. 1969-ലാണ് ഇത് സ്ഥാപിതമായത്. 19 ഗ്രാമങ്ങൾ ഈ ഇടവകയ്ക്ക് കീഴിലുണ്ട്. അമ്രേലിയിലെ സെയ്‌ന്റ് മേരീസ് സ്കൂളിലും മഹുവയിലെ സെയ്‌ന്റ് തോമസ് പള്ളിയിലും സംഘപരിവാർ സംഘടനകൾ ഈയിടെ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരേ കത്തോലിക്കാ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഫാ. ടെലസ്‌ഫോറൊ തിയാഗോ ഫെർണാണ്ടസ് ഫെബ്രുവരി 20-ന് മുഖ്യമന്ത്രിക്ക് പരാതിനൽകി. ഇതിനുശേഷമാണ് കഡിയിലെ സംഭവം ഉണ്ടായിരിക്കുന്നത്.
Content Highlights: VHP hate speech, pope


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..