ജമ്മുവില്‍ സേനാക്യാമ്പിനുനേരെ ചാവേറാക്രമണം; നാലുസൈനികര്‍ക്ക് വീരമൃത്യു


2 min read
Read later
Print
Share

ക്യാമ്പ് ആക്രമിച്ച രണ്ടു ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു

Photo: Print

ജമ്മു: ജമ്മുകശ്മീരിലെ രജൗറി ജില്ലയിൽ പാർഗൽ സൈനികക്യാമ്പിനുനേരെയുണ്ടായ ചാവേർ ഭീകരാക്രമണത്തിൽ നാലുസൈനികർക്ക് വീരമൃത്യു. ക്യാമ്പ് ആക്രമിച്ച രണ്ടു ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ ചാവേറാക്രമണം സുരക്ഷാകേന്ദ്രങ്ങളിൽ ആശങ്കപടർത്തി.

വ്യാഴാഴ്ച പുലർച്ചെയാണ് ജയ്ഷെ മുഹമ്മദ് ഭീകരർ ക്യാമ്പ് ആക്രമിച്ചത്. ക്യാമ്പിനുസമീപം അതിരാവിലെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ തടഞ്ഞപ്പോൾ അവർ ഗ്രനേഡ് എറിയുകയായിരുന്നെന്ന് സൈനിക പി.ആർ.ഒ. ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. സൈന്യം ഉടൻതന്നെ പ്രദേശം വളഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ടുപേർക്ക്‌ പരിക്കുണ്ട്.

രാജസ്ഥാനിലെ ഝുൻഝുനു സ്വദേശി സുബേദാർ രാജേന്ദ്രപ്രസാദ്, തമിഴ്നാട് മധുര ജില്ലയിലെ ടി. പുതുപ്പട്ടി സ്വദേശി റൈഫിൾമാൻ ഡി. ലക്ഷ്മണൻ, ഹരിയാണയിലെ ഫരീദാബാദ് സ്വദേശി റൈഫിൾമാൻ മനോജ് കുമാർ, നിശാന്ത് മാലിക് എന്നിവരാണ് വീരമൃത്യുവരിച്ചത്. ചാവേറാക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. പുലർച്ചെ രണ്ടോടെയാണ് ആദ്യവെടിശബ്ദം കേട്ടതെന്ന് സമീപവാസികൾ പറഞ്ഞു. ഭീകരർ ക്യാമ്പിനകത്ത് കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അത്. ഏറ്റുമുട്ടൽ 6.10 വരെ നീണ്ടു.

2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ വീരമൃത്യുവരിച്ച സംഭവത്തിനുശേഷം ജമ്മുകശ്മീരിൽ ചാവേറാക്രമണം റിപ്പോർട്ടുചെയ്തിരുന്നില്ല. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി ജമ്മു സോൺ അഡീഷണൽ ജി.ഡി.പി. മുകേഷ് സിങ് പറഞ്ഞു. തിരച്ചിലും ജാഗ്രതയും ശക്തമാക്കി.

ഭീകരാക്രമണത്തെ അപലപിച്ച ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഭീകരപ്രവർത്തനത്തിന് ശക്തമായി തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പുനൽകി. മരിച്ച സൈനികർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെയും ആദരാഞ്ജലിയർപ്പിച്ചു. സൈനികർക്കെതിരേ നടക്കുന്ന ഭീകരാക്രമണങ്ങളിൽ ആശങ്കയുണ്ടെന്നും ഇത് ഒളിച്ചുവെക്കാനുള്ള സർക്കാർശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മരിച്ച സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ചു.

ഏപ്രിൽ 22-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിൽ ചാവേറാക്രമണം നടത്താൻ ജയ്ഷെ ഭീകരർ ശ്രമിച്ചിരുന്നെന്ന് സുരക്ഷാവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, സൻജവാൻ സൈനികക്യാമ്പിനടുത്തുണ്ടായ ആകസ്മിക ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഏപ്രിൽ, മേയ് മാസങ്ങളിൽ രജൗറി ജില്ലയിൽ ഒട്ടേറെ സ്ഫോടനങ്ങളുണ്ടായി. മേയ് എട്ടിന് ഭീകരരുടെ നുഴഞ്ഞുകയറ്റം തടഞ്ഞ സൈനികർ ഒരാളെ വധിക്കുകയും ചെയ്തു. പാകിസ്താനിൽനിന്ന് ഡ്രോൺ വഴി ഭീകരർക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും പോലീസും സൈന്യവും ഒന്നിലധികം തവണ തകർത്തു.

Content Highlights: Army camp ambushed in Jammu four soldiers martyred

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..