നോട്ടിൽ ലക്ഷ്മീദേവിയുടെ ചിത്രം അച്ചടിക്കണം -കെജ്‍രിവാൾ


1 min read
Read later
Print
Share

രൂക്ഷവിമർശനവുമായി ബി.ജെ.പി.യും കോൺഗ്രസും

അരവിന്ദ് കെജ്‌രിവാൾ | Photo : ANI

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തികപുരോഗതിക്കും ഐശ്വര്യത്തിനുംവേണ്ടി കറൻസിനോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണേശഭഗവാന്റെയും ചിത്രങ്ങൾ അച്ചടിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിച്ചു. എന്നാൽ, ഇതിനെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി.യും കോൺഗ്രസും രംഗത്തെത്തി. ആസന്നമായ ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് അവർ കുറ്റപ്പെടുത്തി.

താനുന്നയിച്ച ആവശ്യം ആർക്കുമെതിരല്ലെന്നും രാജ്യത്തിൻറെ നന്മമാത്രം മുൻനിർത്തിയാണെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു. ‘‘മുസ്‍ലിം രാഷ്ട്രമായ ഇൻഡൊനീഷ്യയിൽപ്പോലും കറൻസിനോട്ടിൽ ഗണേശഭഗവാന്റെ ചിത്രങ്ങളുണ്ട്. ആ രാജ്യത്ത് 85 ശതമാനവും മുസ്‍ലിങ്ങളാണ്. ഹിന്ദുക്കൾ വെറും രണ്ടുശതമാനം മാത്രവും’’-അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

“രാജ്യത്തെ സാമ്പത്തികസ്ഥിതി നല്ലനിലയിലല്ല. അതിനെ ഉത്തേജിപ്പിക്കാൻ അടിയന്തരനടപടികൾവേണം. നമ്മുടെ ദേവീദേവന്മാരുടെ അനുഗ്രമുണ്ടായാൽ കാര്യങ്ങൾ എളുപ്പത്തിലാകും. നോട്ടുകളിൽ നിലവിൽ ഗാന്ധിജിയുടെ ചിത്രമുള്ളത് അതേപടി തുടരാം, മറുഭാഗത്ത് ലക്ഷ്മീദേവിയുടെയും ഗണേശഭഗവാന്റെയും ചിത്രം അച്ചടിക്കാം. ഇപ്പോഴത്തെ നോട്ടുകൾ ഒറ്റയടിക്കു മാറ്റേണ്ടതില്ല, ഓരോ മാസവും പുതുതായി അച്ചടിക്കുന്ന നോട്ടുകളിൽ പുതിയ ചിത്രങ്ങൾ ചേർത്താൽ മതി”-കെജ്‍രിവാൾ പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് ലക്ഷ്മീദേവിയുടെയും ഗണേശഭഗവാൻറെയും വിഗ്രഹങ്ങളിൽ പൂജനടത്തിയപ്പോഴാണ് തന്റെ മനസ്സിൽ ഈ ആശയം ഉദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കെജ്‍രിവാളിന്റെയും ആംആദ്മി പാർട്ടിയുടെയും ‘വൃത്തികെട്ട ഹിന്ദുവിരുദ്ധമുഖം’ മറയ്ക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണിതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനുമുമ്പ് ‘ഹിന്ദുവായി അവതരിക്കാനുള്ള’ വിഫലശ്രമമാണിതെന്ന് പാർട്ടിവക്താവ് സംബിത് പത്ര പറഞ്ഞു. ഏറ്റവുമൊടുവിൽ പടക്കംപൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനെതിരേ നിയമനടപടി തുടങ്ങിയത് ഡൽഹിയിലെ എ.എ.പി. സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലാക്കാക്കി ഹിന്ദുത്വകാർഡ് ഇറക്കുകയാണ് കെജ്‍രിവാളെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി. ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും ബി ടീമാണ് ആം ആദ്മി പാർട്ടി. കെജ്‍രിവാൾ പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ, താൻ പാകിസ്താൻകാരനാണെന്നും വോട്ടുചെയ്യണമെന്നും അഭ്യർഥിക്കുമെന്ന് ദീക്ഷിത് പരിഹസിച്ചു.

Content Highlights: Arvind Kejriwal to PM Modi: Put pictures of Lakshmi and Ganesh on currency notes

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..