പോപ്പുലർ ഫ്രണ്ട് നിരോധനം യു.എ.പി.എ. ട്രിബ്യൂണൽ ശരിവെച്ചു


1 min read
Read later
Print
Share

ട്രിബ്യൂണൽ ഉത്തരവ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി

അടച്ച് സീൽ വെച്ച ഒരു പോപ്പലർ ഫ്രണ്ട് ഓഫീസ്, ആലുവയിലെത്തിയ സിആർപിഎഫ് സേന |ഫോട്ടോ: PTI,മാതൃഭൂമി

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി യു.എ.പി.എ. ട്രിബ്യൂണൽ ശരിവെച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വുമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെ അഞ്ചുവർഷത്തേക്കാണ് ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ഡൽഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ ശർമ അധ്യക്ഷനായ യു.എ.പി.എ. ട്രിബ്യൂണലാണ് നടപടി ശരിവെച്ചത്.

യു.എ.പി.എ. ട്രിബ്യൂണലിന്റെ ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. കേന്ദ്രസർക്കാർ നിരോധനം വിജ്ഞാപനം ചെയ്തെങ്കിലും യു.എ.പി.എ. ട്രിബ്യൂണൽ ശരിവെക്കുന്നതോടെയാണ് നിരോധനനടപടി പ്രാബല്യത്തിൽവരുന്നത്.

കേന്ദ്രസർക്കാർ ഒരുസമുദായത്തെ ലക്ഷ്യംവെച്ചു നടപടിയെടുക്കുന്നു എന്ന ആരോപണം ട്രിബ്യൂണൽ തള്ളി. പോപ്പുലർ ഫ്രണ്ടിലും അനുബന്ധസംഘടനകളിലും പ്രവർത്തിച്ചിരുന്നവർ രാജ്യത്തിന്റെ അടിസ്ഥാന സാമൂഹികഘടനയ്ക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് ട്രിബ്യൂണൽ നിരീക്ഷിച്ചത്. നിരോധനത്തെ ന്യായീകരിക്കാൻ നൂറോളം സാക്ഷികളെയും മൊഴികളുമാണ് കേന്ദ്രം ഹാജരാക്കിയത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന രണ്ട് വീഡിയോദൃശ്യങ്ങളും ഹാജരാക്കി.

രാജ്യവ്യാപകമായി റെയ്ഡ് നടത്തി നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തശേഷം കഴിഞ്ഞവർഷം സെപ്റ്റംബർ 28-നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധപരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ടുചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനുനേരെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുയർത്തുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

Content Highlights: Banning of Popular Front uapa Tribunal upheld

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..