നിർമാണം പുരോഗമിക്കുന്ന ബെംഗളൂരു-മൈസൂരു അതിവേഗ പാതയുടെ ആകാശദൃശ്യം
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ഗുണകരമാകുന്ന ബെംഗളൂരു -മൈസൂരു അതിവേഗപാതയുടെ ആദ്യഘട്ടം ജൂലായിൽ തുറന്നുകൊടുക്കും. സർവീസ് റോഡുകളടക്കം 10 വരിയുള്ള അതിവേഗപാത യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയത്തിൽ ഒന്നരമണിക്കൂർ കുറയും. നിലവിൽ മൂന്നുമണിക്കൂർ വേണം. 8,500 കോടിരൂപയാണ് പദ്ധതിച്ചെലവ്. 117 കിലോമീറ്ററുള്ള പാതയുടെ ബെംഗളൂരു മുതൽ നിതാഘട്ടവരെയുള്ള (56 കിലോമീറ്റർ ദൂരം) ആദ്യഭാഗമാണ് ജൂലായിൽ തുറക്കുന്നത്. വളവുകൾ നിവർത്തിയും കയറ്റമുള്ള പ്രദേശങ്ങൾ നിരപ്പാക്കിയും വീതി വർധിപ്പിച്ചുമാണ് നിർമാണം പുരോഗമിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശങ്ങളിൽ മേൽപ്പാതകളും നിർമിക്കുന്നുണ്ട്.
പാതയിലെ ഏറ്റവുംവലിയ മേൽപ്പാലമായ കുമ്പളഗോഡ് മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. 4.5 കിലോമീറ്ററാണ് നീളം. പാതയിൽ ഏറ്റവുംകൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ മൈസൂരു നഗരത്തിന്റെ വികസനത്തിലും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദിപ്പൂർ, നാഗർഹോളെ ദേശീയ പാർക്കുകളോട് ചേർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും പദ്ധതി ഗുണകരമാകും. ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിനാൽ ബെംഗളൂരുവിന് പുറത്തേക്ക് ചുവടുമാറ്റാൻ ശ്രമിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും മൈസൂരു തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെക്കുന്നു.
സർക്കാരിന്റെ ഏറ്റവുംവലിയ വികസനനേട്ടമായി ഉയർത്തിക്കാട്ടുന്ന പദ്ധതിയാണിത്. അടുത്ത ദസറയ്ക്ക് മുമ്പ് പാത പൂർണമായിതുറന്നുകൊടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് നടക്കുന്നതെന്ന് മൈസൂരു-കുടക് എം.പി. പ്രതാപ് സിംഹ പറഞ്ഞു.
Content Highlights: Bengaluru-Mysuru Expressway, first phase will open in July
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..