'ഭാരത് ഇ-മാർട്ട്’ ദീപാവലിക്ക്; ഓൺലൈനാവാൻ വ്യാപാരികളും


ആദ്യഘട്ടത്തിൽ വ്യാപാരികൾക്കുമാത്രം, പിന്നീട് പൊതുജനങ്ങൾക്കും

bharat emart

ന്യൂഡൽഹി: ഓൺലൈൻ വ്യാപാരരംഗത്തെ കുത്തകക്കമ്പനികൾക്കെതിരേ സ്വന്തം ഇ-കൊമേഴ്‌സ് പോർട്ടലൊരുക്കാൻ വ്യാപാരികൾ. രാജ്യമെമ്പാടും സേവനം നൽകുന്ന ‘ഭാരത് ഇ-മാർട്ട്’ ദീപാവലിക്ക് തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ വ്യാപാരികൾക്കുമാത്രം ലഭ്യമാക്കുന്ന പോർട്ടൽ സേവനം പിന്നീട് പൊതുജനങ്ങൾക്കായി തുറക്കും.

രാജ്യത്തെ വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സാണ് (സി.എ.ഐ.ടി.) പോർട്ടൽ വികസിപ്പിക്കുന്നത്. സെപ്റ്റംബർ 26 മുതൽ പോർട്ടലിൽ വ്യാപാരികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സി.എ.ഐ.ടി. ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സി.എ.ഐ.ടി.ക്കുകീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരിസംഘടനകളിലുള്ളവർക്ക് സൗജന്യമായി തങ്ങളുടെ സ്ഥാപനത്തെ പോർട്ടലിൽ രജിസ്റ്റർചെയ്യാം. ജി.എസ്.ടി. അടയ്ക്കാത്ത ചെറുകിട വ്യാപാരികൾക്കും ചേരാം. സംഘടനയ്ക്കുകീഴിലെ എല്ലാ വ്യാപാരികളെയും ഇതിന്റെ ഭാഗമാക്കും. ആകെ എട്ടുകോടിയോളം വ്യാപാരികളാണുള്ളത്.

മൂന്നുവർഷത്തിലേറെയായി പോർട്ടലിന്റെ അണിയറജോലികൾ നടന്നുവരുകയാണ്. ഇതിനായി മൊബൈൽ ആപ്പുമുണ്ട്. കമ്മിഷനായി പണമീടാക്കാതെയാകും സേവനം. പരമാവധി വ്യാപാരികളെ ചേർത്ത് പങ്കാളിത്തം ഉറപ്പാക്കും. വ്യാപാരികൾക്ക് പോർട്ടൽ പരിചയപ്പെടുത്താൻ വിവിധ സംസ്ഥാനങ്ങളിൽ സി.എ.ഐ.ടി. ശില്പശാലകൾ നടത്തിവരുകയാണ്. കേരളഘടകത്തിന്റെ നേതൃത്വത്തിൽ 27-ന്‌ തിരുവനന്തപുരത്ത് ശില്പശാല നടക്കും.

രാജ്യത്തെവിടെയും സാധനം വാങ്ങാം, വിൽക്കാം

പോർട്ടൽ പ്രവർത്തനസജ്ജമാവുമ്പോൾ രാജ്യത്തെവിടെയുമുള്ളവർക്ക്‌ കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കും. വ്യാപാരികൾക്കുപുറമേ വിതരണക്കാരെയും മാർക്കറ്റിങ് മേഖലയിലുള്ളവരെയും പോർട്ടലിൽ ഉൾപ്പെടുത്തും. അതിനാൽ വലിയ ചെലവില്ലാതെ ഈ സാധനങ്ങൾ എത്തിക്കാനുമാകും. സാധനസാമഗ്രികൾ മാത്രമല്ല ബാങ്ക്, ഇൻഷുറൻസ്, ഹോട്ടൽ ബുക്കിങ് തുടങ്ങിയ സേവനങ്ങളും പോർട്ടൽ വഴി ലഭ്യമാക്കും.

ഓൺലൈനിൽ വില കുറയുന്നതിനുപിന്നിൽ

വ്യാപാരമേഖലയിൽ 60 ശതമാനവും നേരിട്ടുള്ള വിപണിയിലാണ്. എന്നാൽ, വൻകിട കമ്പനികളൊന്നും ചില്ലറവ്യാപാരികൾക്ക് കാര്യമായ ഇളവുനൽകുന്നില്ല. അതേസമയം, ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് പകുതിയിലധികം വിലകുറച്ച് സാധനങ്ങൾ നൽകുന്നുണ്ട്. അതിനാലാണ് ഓൺലൈനിൽ താരതമ്യേന വില കുറച്ചുവിൽക്കാൻ സാധിക്കുന്നത്. പോർട്ടൽ വന്നാൽ സി.എ.ഐ.ടി. നേരിട്ട്‌ കമ്പനികളിൽനിന്ന്‌ വിലകുറച്ച് സാധനങ്ങൾ വാങ്ങി വിതരണംചെയ്യും.

Content Highlights: bharat emart

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..