വെറുംവാക്കായി ബിജെപിയുടെ സൗജന്യ വിമര്‍ശനം:ഗുജറാത്തില്‍ കോടികളുടെ സൗജന്യം


PTI

അഹമ്മദാബാദ്: രാഷ്ട്രീയപ്പാർട്ടികൾ സൗജന്യവാഗ്ദാനങ്ങൾ നൽകുന്നത് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുമെന്ന വാദം സുപ്രീംകോടതിയിലടക്കം ഉയർത്തിയ ബി.ജെ.പി.യുടെ ഗുജറാത്തിലെ സർക്കാർ അതുമറന്ന് സൗജന്യം പ്രഖ്യാപിച്ചു. വർഷാവസാനം തിരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനത്ത് അടിയന്തരമായി നിലക്കടലയെണ്ണ വില കുറച്ചുകൊടുക്കാനാണ് തീരുമാനം. സർക്കാരിന് 124 കോടി രൂപ സാമ്പത്തികഭാരം ഉണ്ടാക്കുന്ന പ്രഖ്യാപനമാണിത്.

ലിറ്ററിന് 197 രൂപ വിലയുള്ള ശുദ്ധീകരിച്ച നിലക്കടലയെണ്ണ 100 രൂപയ്ക്ക് മൂന്നുമാസത്തേക്ക് നൽകാനാണ് മന്ത്രിസഭാ തീരുമാനം. ജന്മാഷ്ടമിയും ദീപാവലിയും പരിഗണിച്ചാണ് ഇളവ്. റേഷൻകാർഡ് ഉടമകൾക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. 70 ലക്ഷം കുടുംബങ്ങളിലെ 3.5 കോടി ആളുകൾക്ക് ഗുണമുണ്ടാകും. ഓരോ കാർഡുടമയ്ക്കും ഒരു ലിറ്റർ എണ്ണയ്ക്ക് അർഹതയുണ്ട്.

രാഷ്ട്രീയപ്പാർട്ടികൾ തിരഞ്ഞെടുപ്പുവേളയിൽ സൗജന്യങ്ങൾ വാഗ്ദാനംചെയ്ത് ജനങ്ങളെ ആകർഷിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിശിതമായി വിമർശിച്ചിരുന്നു. ഗുജറാത്തിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാർട്ടി സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തതിനെത്തുടർന്നായിരുന്നു ഇത്. കഴിഞ്ഞദിവസം സുപ്രീംകോടതിയിലും കേന്ദ്രസർക്കാർ സൗജന്യങ്ങളെ എതിർത്തു. രാഷ്ട്രീയപ്പാർട്ടികളുടെ സൗജന്യവാഗ്ദാനങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷമുണ്ടാക്കുമെന്നും ചിലപ്പോഴത് സാമ്പത്തികദുരന്തമായി മാറുമെന്നുമാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. തുടർന്ന് പ്രശ്നം അടിയന്തരമായി പരിശോധിക്കാൻ ഒരുസമിതിയെ ചുമതലപ്പെടുത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം മറന്നാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് സൗജന്യം പ്രഖ്യാപിച്ചുതുടങ്ങിയതെന്ന് പ്രതിപക്ഷം പരിഹസിച്ചു.

എന്നാൽ, കഴിഞ്ഞവർഷവും ഭക്ഷ്യയെണ്ണയ്ക്ക് ഉത്സവകാലത്ത് സബ്‌സിഡി ഏർപ്പെടുത്തിയിരുന്നുവെന്ന് ഗുജറാത്ത് മന്ത്രി ജിത്തു വാഘാണി പറഞ്ഞു.

Content Highlights: bjp-gujarat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..