ബി.ജെ.പി.യുടെ പ്രതീക്ഷ പിന്നാക്കക്കാർ


മനോജ് മേനോൻ

ഹൈദരാബാദിൽ നടന്ന ബി.ജെ.പി. ദേശീയ നിർവാഹകസമിതിയോഗത്തിന് സമാപനംകുറിച്ച് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന വിജയ് സങ്കല്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ജെ.പി. നഡ്ഡ, രാജ്‌നാഥ് സിങ്‌, അമിത് ഷാ, പീയൂഷ് ഗോയൽ, യോഗി ആദിത്യനാഥ്, തെലങ്കാന ബി.ജെ.പി. പ്രസിഡന്റ്‌ ബണ്ടി സഞ്ജയ് എന്നിവർ സമീപം. പിറകിലെ സ്ക്രീനിൽ സദസ്സ് | ഫോട്ടോ: സാബു സ്കറിയ

ഹൈദരാബാദ്:ഹിന്ദുക്കൾക്കുപുറമേ, മറ്റ് സമുദായങ്ങളിലെ പാർശ്വവത്‌കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കണമെന്നും ഇവരിലേക്ക് കടന്നുചെല്ലാൻ സ്നേഹയാത്രകൾ സംഘടിപ്പിക്കണമെന്നും ബി.ജെ.പി. പ്രവർത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗത്തിന്റെ സമാപനച്ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. കുടുംബാധിഷ്ഠിതപാർട്ടികളെ രാജ്യം മടുത്തെന്നും ഇവർ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലും അസംഗഢ്‌, രാംപുർ മണ്ഡലങ്ങളിൽ അടുത്തിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. വൻനേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.

വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി. ഹിന്ദുക്കൾക്കുപുറമെ, മറ്റ് സമുദായങ്ങളിലും പാർശ്വവത്‌കരിക്കപ്പെട്ടവരും പിന്നാക്കം നിൽക്കുന്നവരുമായ ജനവിഭാഗങ്ങളുണ്ട്. ബി.ജെ.പി.യുടെ പ്രവർത്തനപരിധിയിൽ ഇവരെയെല്ലാം കൊണ്ടുവരണം. ഹിന്ദുക്കളിൽ മാത്രമായി പാർട്ടിസാന്നിധ്യം പരിമിതപ്പെടുത്തരുത്. ജനങ്ങൾക്കുവേണ്ടി, ഓജസ്സുള്ള ഭരണത്തിനുവേണ്ടി (പ്രോ പീപ്പിൾ, പ്രോ ആക്ടീവ് ഗവേണൻസ്) എന്നതായിരിക്കണം പാർട്ടിയുടെ മുദ്രാവാക്യം. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്. സേവനം, സന്തുലിത നില, സമന്വയം, സംവാദം എന്നിവ പ്രവർത്തനത്തിൽ നടപ്പാക്കണം. ഏതെങ്കിലും ഒരുവിഭാഗത്തെ പ്രീണിപ്പിക്കുന്നതിനുപകരം എല്ലാവരെയും ഉൾക്കൊള്ളുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നടപ്പാക്കേണ്ടത്. തുഷ്ടീകരണ(പ്രീണനം)ത്തിനുപകരം തൃപ്തീകരണ(എല്ലാവർക്കും തൃപ്തി)മാണ് നടപ്പാക്കേണ്ടത്. കുടുംബ വാഴ്ച, കുടുംബാധിഷ്ഠിത രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയാണ് പ്രതിപക്ഷ പാർട്ടികൾ നടപ്പാക്കുന്നത്. ഇത് ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി. ശ്രദ്ധിക്കേണ്ടത്. കുടുംബാധിഷ്ഠിത രാഷ്ട്രീയം ദീർഘകാലം നിലനിൽക്കില്ല. വിരോധത്തിനുവേണ്ടിയുള്ള വിരോധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. പല പാർട്ടികളും ദീർഘകാലം രാജ്യം ഭരിച്ചു. എന്നാൽ, അവരെല്ലാം നിലനിൽപ്പിനായി ഇപ്പോൾ യുദ്ധം ചെയ്യുകയാണ്. അവരെ പരിഹസിക്കാതെ അവർ ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ് ബി.ജെ.പി. പ്രവർത്തകർ ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.

Content Highlights: BJP’s ‘Mission South’ national executive meeting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..