ബ്രിജ്ഭൂഷൺ | Photo - PTI
ന്യൂഡല്‍ഹി: ഗുസ്തിസമരത്തിന് പിന്തുണയുമായി ഹരിയാണയിലെ ഖാപ് പഞ്ചായത്തും കർഷകസംഘടനകളും ശക്തമായി രംഗത്തുവന്നതോടെ ദേശീയരാഷ്ട്രീയം വീണ്ടും സങ്കീർണമായി. ആരോപണവിധേയനായ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷണെതിരേ ഏഴു വനിതാതാരങ്ങൾ നൽകിയ മൊഴി പുറത്തുവന്നത് കേന്ദ്രസർക്കാരിനെയും ബി.ജെ.പി.യെയും പ്രതിരോധത്തിലാക്കി.
കുറ്റകൃത്യപശ്ചാത്തലമുള്ള ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്നതിൽ ബി.ജെ.പി.ക്കുള്ളിലും അസ്വാരസ്യങ്ങളുയരുന്നുണ്ട്. കർഷകസമരത്തിന് സമാനമായി ഹരിയാണയിലും പശ്ചിമ യു.പി.യിലും വിഷയം രാഷ്ട്രീയപ്രശ്നമാകുമെന്ന ആശങ്ക പാർട്ടിയുടെ പ്രാദേശികനേതാക്കൾക്കുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ഗുസ്തിതാരങ്ങൾ ഉയർത്തുന്ന ലൈംഗികപീഡനപരാതികൾ പരിഹരിക്കാതെ കേന്ദ്രസർക്കാർ അലംഭാവം പുലർത്തുന്നതാണ് രാജ്യവ്യാപകസമരത്തിന് വിത്തിട്ടിരിക്കുന്നത്.
ഹരിയാണയിലെ രാഷ്ട്രീയത്തിൽ നിർണായകസ്വാധീനമുള്ളവരാണ് ഖാപ് പഞ്ചായത്ത്. സമരം നയിക്കുന്ന ഫൊഗട്ട് സഹോദരിമാരുടെ ഗ്രാമം ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു വീട്ടിൽനിന്ന് ഒരാളെങ്കിലും സമരത്തിൽ പങ്കെടുക്കണമെമന്ന് ശനിയാഴ്ചചേർന്ന ഗ്രാമീണരുടെ യോഗം തീരുമാനിച്ചു. ഖാപ് പഞ്ചായത്തിന്റെ നിർദേശമനുസരിച്ചായിരിക്കും തുടർനീക്കം. ഫൊഗട്ട് സഹോദരിമാരുടെ അച്ഛനും മുൻ ഗുസ്തിതാരവുമായ മഹാവീർ ഫൊഗട്ടിന്റെ നേതൃത്വത്തിലാണ് സമരത്തിന് ജനങ്ങൾ സംഘടിക്കുന്നത്. അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഹരിയാണയിൽ കർഷകരുടെയും ഗ്രാമീണരുടെയും നിലപാട് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും പ്രധാനമാണ്.
കുറ്റാരോപിതനായ ബ്രിജ് ഭൂഷണെതിരേ എഫ്.ഐ.ആർ. ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിലെ ദുരൂഹതയാണ് ബി.ജെ.പി.ക്കുള്ളിൽ പ്രതിഷേധത്തിനിടയാക്കിയത്. ഇയാളെ സംരക്ഷിക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുകയും താഴെത്തട്ടുമുതൽ ക്ഷീണമുണ്ടാക്കുകയും ചെയ്യുമെന്ന് ഹരിയാണയിലെ നേതാക്കൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന പ്രസ്താവനകളിൽനിന്ന് ഇടത്തരം നേതാക്കൾപോലും വിട്ടുനിൽക്കുന്നത്. ബ്രിജ് ഭൂഷൺ അയോധ്യയിൽ പ്രഖ്യാപിച്ച ശക്തിപ്രകടനത്തിന് അനുമതി നൽകാത്തതിന്റെ കാരണവും മറ്റൊന്നല്ല.
നേതൃത്വം നൽകുന്നത് വനിതാ ഗുസ്തിതാരങ്ങളായതിനാൽ സമരം സ്ത്രീവോട്ടർമാരെ സ്വാധീനിക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. അതിനാൽ, കർഷകസമരത്തിന് സമാനമായി വളരാനുള്ള സാഹചര്യമൊരുക്കാതെ പ്രശ്നം പരിഹരിക്കണമെന്നതാണ് ആവശ്യം.
Content Highlights: Brij Bhushan Sharan Singh BJP wrestlers protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..