.jpg?$p=b006abd&f=16x10&w=856&q=0.8)
.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോർപ്പറേഷൻ മേഖലകളിൽ ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കലിനെച്ചൊല്ലിയുള്ള തർക്കം കേന്ദ്ര-സംസ്ഥാന ഭരണകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിമാറുന്നു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുടെ വീടും ഓഫീസും കൈയേറിയ സ്ഥലത്താണെന്ന് വെള്ളിയാഴ്ച എ.എ.പി. ആരോപിച്ചു. ശനിയാഴ്ച രാവിലെ 11-നുള്ളിൽ കൈയേറ്റം നീക്കാൻ കോർപ്പറേഷൻ തയ്യാറായില്ലെങ്കിൽ ഗുപ്തയുടെ വസതിയിലേക്ക് ബുൾഡോസറുമായി തങ്ങളെത്തുമെന്നാണ് എ.എ.പി. ഡൽഹി കൺവീനർ ദുർഗേഷ് പഥക്കിന്റെ ഭീഷണി. റോഹിംഗ്യകളും ബംഗ്ലാദേശികളും കൈയേറിയ സ്ഥലങ്ങളാണ് ഒഴിപ്പിക്കുന്നതെന്നും ഈ അനധികൃത അഭയാർഥികളെ സംരക്ഷിക്കുന്നത് എ.എ.പി.യാണെന്നും ആദേശ് ഗുപ്ത തിരിച്ചടിച്ചു.
ബി.ജെ.പി. ഭരിക്കുന്ന കോർപ്പറേഷനുകളുടെ നേതൃത്വത്തിലാണ് നഗരത്തിൽ വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഒഴിപ്പിക്കൽ. മംഗോൾപുരി, സമയ്പുർ ബാദ്ലി, പ്രേം നഗർ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ചയും ഇടിച്ചു നിരത്തലുണ്ടായി.
തെക്കൻ ഡൽഹിയിലെ മദൻപുർ ഖാദറിൽ ഒഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച എ.എ.പി. എം.എൽ.എ. അമാനത്തുള്ള ഖാനെ കഴിഞ്ഞദിവസം ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർച്ചയായുള്ള ക്രിമിനൽ കേസുകൾ കണക്കിലെടുത്ത് അമാനത്തുള്ള ഖാൻ ‘മോശം സ്വഭാവക്കാരനാ’ണെന്ന് മുദ്ര കുത്തിയിരിക്കുകയാണ് പോലീസ്.
ഇതിനിടെ, ബുൾഡോസറിന്റെ പേരിൽ ബി.ജെ.പി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നത്തിൽ ഉടൻ ഇടപെടണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.
70 ശതമാനം പേരും വീടില്ലാത്തവരാവും
: ബുൾഡോസർ രാഷ്ട്രീയത്തിലൂടെ ഭീകരത സൃഷ്ടിക്കുകയാണ് ബി.ജെ.പി. ഡൽഹിയിലെ 63 ലക്ഷം പേരെ ഒഴിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. 1750 കോളനികളിലെ 50 ലക്ഷം പേർക്കും 860 ചേരികളിലെ പത്തു ലക്ഷം പേർക്കും ബി.ജെ.പി. ഭരിക്കുന്ന കോർപ്പറേഷനുകൾ നോട്ടീസ് നൽകിക്കഴിഞ്ഞു. ഡൽഹിയിലെ 70 ശതമാനം ജനങ്ങളും വീടില്ലാത്തവരാവും. ജയിലിൽ പോവാനും തയ്യാറാണ് ഞങ്ങൾ. എന്നാലും ബി.ജെ.പി.യുടെ ഭീകരത അനുവദിക്കില്ല.
(മനീഷ് സിസോദിയ
ഡൽഹി ഉപമുഖ്യമന്ത്രി)
എ.എ.പി.യുടെ വേദന പാവങ്ങളെക്കുറിച്ചല്ല
: പാവപ്പെട്ടവരെക്കുറിച്ചല്ല എ.എ.പി. നേതാക്കളുടെ വേദന. അതായിരുന്നെങ്കിൽ അവർക്കു നല്ല വീടുകൾ നൽകുമായിരുന്നു. കുടിവെള്ളവും റേഷനുമൊക്കെ ഉറപ്പാക്കുമായിരുന്നു. നഗരത്തിൽ കലാപവും കുറ്റകൃത്യങ്ങളും നടത്തുകയാണ് റോഹിംഗ്യൻ, ബംഗ്ലാദേശി കുടിയേറ്റക്കാർ. അവർക്കു സംരക്ഷണമൊരുക്കുകയാണ് എ.എ.പി.യും അവരുടെ എം.എൽ.എ.മാരും.
(ആദേശ് ഗുപ്ത
ബി.ജെ.പി. ഡൽഹി അധ്യക്ഷൻ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..