ഡോ.സി.വി.ആനന്ദ ബോസ് | Photo: Mathrubhumi
ന്യൂഡൽഹി: പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസിനെ നിയമിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ആനന്ദബോസിനെ ബംഗാളിന്റെ ഇരുപത്തിരണ്ടാമത് ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവായത്. മികച്ച ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേശകനായി പ്രവർത്തിച്ചു വരുകയാണ്. 2019 മുതൽ ബി.ജെ.പി.യിൽ അംഗമാണ്.
2019 മുതൽ 2022 വരെ ഗവർണറായിരുന്ന ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായി നിയമിതനായതിനെത്തുടർന്ന് മണിപ്പുർ ഗവർണറായ എൽ. ഗണേശനാണ് ബംഗാൾ ഗവർണറുടെ അധികചുമതല വഹിച്ചിരുന്നത്. 1977 ബാച്ച് കേരളാ കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ആനന്ദബോസ് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഒട്ടേറെ ഉന്നതപദവികൾ വഹിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞ ഭവനപദ്ധതിയുടെ പ്രയോക്താവായ ആനന്ദബോസ് സാക്ഷരതാരംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ചെലവുകുറഞ്ഞ വീടുകളുടെ നിർമാണത്തിനായി തിരുവനന്തപുരത്ത് നിർമിതി കേന്ദ്ര എന്ന സ്ഥാപനത്തിന് രൂപംകൊടുത്തത് ആനന്ദബോസിന്റെ നേതൃത്വത്തിലാണ്.
കേരള സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദവും ബിറ്റ്‌സ് പിലാനിയിൽനിന്ന് ഗവേഷണബിരുദവും നേടിയ ആനന്ദബോസിന് ജവാഹർലാൽ നെഹ്രു ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായി 45 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദേശീയ-അന്തർദേശീയ തലങ്ങളിൽ 33 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, വിവിധ ജില്ലകളിൽ കളക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2011-ൽ ചീഫ് സെക്രട്ടറിയുടെ റാങ്കിൽ െസ്പഷ്യൽ സെക്രട്ടറിയായാണ് വിരമിച്ചത്. കോട്ടയം മാന്നാനത്ത് സ്വാതന്ത്ര്യസമരസേനാനിയായ പി.കെ. വാസുദേവൻ നായരുടെയും സി. പദ്മാവതി അമ്മയുടെയും മകനായി 1951-ലാണ് ജനനം. എൽ.എസ്. ലക്ഷ്മിയാണ് ഭാര്യ.
Content Highlights: c v anandabose from kerala appointed as the bengal governbor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..