Photo: Print
ന്യൂഡൽഹി: പ്രായമായവർക്ക് പ്രത്യേക കരുതലും പരിചരണവും ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക വിഭാഗം (ജെറിയാട്രിക് വിഭാഗം) ആരംഭിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം.
നിലവിൽ രാജ്യത്തെ 19 മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ജെറിയാട്രിക് വിഭാഗം പ്രവർത്തിക്കുന്നത്. ഇത് എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കണം. വിഷയത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന് (എൻ.എം.സി.) കത്തയക്കാനും കമ്മിഷൻ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മിഷൻ അംഗം ഡോ. ഡി.എം. മുലായിയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിലാണ് തീരുമാനം.
എമർജൻസി മെഡിസിൻവിഭാഗംപോലെ പ്രധാന്യം വർധിച്ചുവരുന്ന വിഭാഗമാണ് ജെറിയാട്രിക്കും. അതിനാൽ എമർജൻസി മെഡിസിൻ വിഭാഗത്തിനായി പുറപ്പെടുവിച്ചതുപോലെ മാർഗനിർദേശങ്ങൾ ജെറിയാട്രിക്കിനായും പുറത്തിറക്കണമെന്ന് എൻ.എം.സി.യോട് ആവശ്യപ്പെടും. പൊതു ആശുപത്രികളിൽ സീനിയർ സിറ്റിസൺ ക്ലിനിക്കുകൾ ആരംഭിക്കുന്നതും നിർദേശിക്കും. ഇത്തരം പദ്ധതികൾ സർക്കാരിന് സാമ്പത്തികബാധ്യത ഉണ്ടാക്കാതെതന്നെ പ്രായമായവരുടെ ആരോഗ്യപരിപാലനം കാര്യക്ഷമമാക്കും.
പ്രായമായവർക്ക് നൽകുന്ന പരിചരണത്തിന്റെ നിലവാരം വിലയിരുത്താൻ സംസ്ഥാനതലത്തിൽ സംവിധാനം സൃഷ്ടിക്കണം. എല്ലാ സംസ്ഥാനങ്ങളിലും പ്രായമായവരുടെ അവകാശങ്ങൾ, ഡിജിറ്റൽസാക്ഷരത തുടങ്ങിയ വിഷയങ്ങളിൽ ബോധവത്‌കരണ പരിപാടികൾ നടത്തണം. വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക വേദി സൃഷ്ടിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
ദന്തസംരക്ഷണത്തിന് പ്രത്യേക ഊന്നൽവേണം
പ്രായമായവരിലെ ദന്തസംരക്ഷണത്തിന് പ്രത്യേകപദ്ധതികൾ നടപ്പാക്കേണ്ടത് പ്രധാനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഒരു പ്രായം കഴിഞ്ഞാൽ ദന്തസംരക്ഷണത്തിന്
വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് ദന്തസംബന്ധമായ പ്രശ്നങ്ങൾക്കുപുറമെ പോഷകാഹാരക്കുറവിനും കാരണമാകും. സന്നദ്ധസംഘടനകളടക്കം നടത്തിയ മിക്ക പഠനങ്ങളിലും പ്രായമായവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ദന്ത ആരോഗ്യം മോശമാണ്.
പ്രത്യേക ജയിൽവേണം
പ്രായമായവർക്കായി പ്രത്യേക ജയിലുകൾ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ജയിലുകളിൽ നൽകുന്ന ഭക്ഷണം, ഭക്ഷണക്രമം തുടങ്ങിയവ പ്രായമായവർക്ക് ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. അതിനാൽ പ്രായമായവർക്ക് പ്രത്യേക പരിചരണം ആവശ്യമുള്ളതിനാൽ അവർക്ക് പ്രത്യേക ജയിൽ ആവശ്യമാണ്. അതിനായി നയ രൂപവത്കരണവും മാർഗനിർദേശങ്ങളും തയ്യാറാക്കണം.
Content Highlights: Care of the elderly should be ensured
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..