Screengrab: narendramodi.in/downloadapp
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ‘നമോ’ ആപ്പ് വഴി കേന്ദ്രസർക്കാർ പദ്ധതികൾക്കായി പണം പിരിച്ചതായി ആക്ഷേപം. വിഷയത്തെക്കുറിച്ച് വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിന് നമോ ആപ്പ് വഴി പണപ്പിരിവു നടത്താൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ മറുപടി. വിഷയം വിവാദമായതോടെ സർക്കാർ പദ്ധതികളുടെപേരിൽ നമോ ആപ്പ് വഴി പണം പിരിച്ചിട്ടില്ലെന്ന് ബി.ജെ.പി. വിശദീകരിച്ചു. എന്നാൽ, ചിലർ പണം നൽകിയതിനു ലഭിച്ച രസീത് തെളിവായി ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായിമാത്രമാണ് പണം പിരിച്ചതെന്നാണ് മറുപടി.
വലിയതട്ടിപ്പാണ് ഇതു വ്യക്തമാക്കുന്നതെന്ന ആരോപണവുമായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ‘പുതിയ ഇന്ത്യയ്ക്കായി ചെറിയ സംഭാവന’ എന്ന അഭ്യർഥനയോടെ അഞ്ച്, അമ്പത്, നൂറ്, അഞ്ഞൂറ്, ആയിരം രൂപ വീതം സംഭാവന ചോദിച്ചായിരുന്നു നമോ ആപ്പ് ഉപയോഗിച്ചുള്ള പണപ്പിരിവ്. ‘ചെറുസംഭാവന വഴി ബി.ജെ.പി.യെ സഹായിക്കൂ’ എന്ന ടാഗ് ലൈനും ഉപയോഗിച്ചിരുന്നു. സംഭാവനയുടെ ലക്ഷ്യം എന്നതിൽ ശുചിത്വഭാരത മിഷൻ, ബേട്ടീ പഠാവോ ബേട്ടീ ബച്ചാവോ എന്നീ കേന്ദ്രസർക്കാർ പദ്ധതികളുടെ പേരും പരാമർശിച്ചിട്ടുണ്ട്. ശുചിത്വഭാരത മിഷനിലേക്ക് സംഭാവന നൽകിയ ചെന്നൈയിലെ മാധ്യമപ്രവർത്തകൻ ബി.ആർ. അരവിന്ദാക്ഷന് ബി.ജെ.പിയുടെ രസീതും ലഭിച്ചു.
തുടർന്ന്, അദ്ദേഹം വിവരാവകാശ നിയമമനുസരിച്ച് ചോദ്യമുന്നയിച്ചു. നമോ ആപ്പ് വഴി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിക്ക് പണം പിരിക്കാനാവില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം മറുപടിയും നൽകി. വ്യക്തികളോ സന്നദ്ധസംഘടനകളോ ശുചിത്വഭാരത മിഷനായി പണംപിരിക്കാൻ പാടില്ലെന്ന് മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര കുടിവെള്ള-ശുചീകരണ മന്ത്രാലയവും മറുപടിയിൽ വ്യക്തമാക്കി.
പണപ്പിരിവിന്റെ രസീതു കാണിച്ചപ്പോൾ സർക്കാർപദ്ധതികൾക്കായല്ല, പാർട്ടിയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് പണം സ്വരൂപിച്ചതെന്ന് ബി.ജെ.പി. തമിഴ്നാട് വക്താവ് നാരായൺ തിരുപ്പതി വിശദീകരിച്ചു. സംഭാവന നൽകുന്നവരെ ബി.ജെ.പി.യിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ഇതു നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയൊരു തട്ടിപ്പിന്റെ സൂചന മാത്രമാണിതെന്നാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. അഴിമതി ഔദ്യോഗികവത്കരിക്കലും പൊതുമുതൽ കൊള്ളയടിക്കലുമാണ് മോദി സർക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: cash collection through namo app allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..