ഒഡിഷ തീവണ്ടിദുരന്തം: സി.ബി.ഐ. അന്വേഷണം തുടങ്ങി


2 min read
Read later
Print
Share

അപകടത്തിന്റെ ദൃശ്യം | Photo: PTI

ന്യൂഡൽഹി: ഒഡിഷ തീവണ്ടിയപകടത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. മൂന്ന് തീവണ്ടികൾ ഉൾപ്പെട്ട അപകടത്തിന് കാരണമായ പിഴവിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15-ന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സി.ബി.ഐ., ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യംചെയ്യും. റെയിൽ സുരക്ഷാ വിദഗ്ധരുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായവും തേടും.

കട്ടക്കിലെ റെയിൽവേ പോലീസ് ജൂൺ മൂന്നിന് രജിസ്റ്റർ ചെയ്ത കേസാണ് സി.ബി.ഐ.ക്ക് കൈമാറിയത്. സി.ബി.ഐ. ജോയന്റ് ഡയറക്ടർ (സ്പെഷ്യൽ ക്രൈം) വിപ്ലവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ ബഹാനാഗ ബസാർ റെയിൽവേ സ്റ്റേഷനിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. അപകടമുണ്ടായ പ്രധാന ട്രാക്കുകളും ലൂപ് ലൈനുകളും സി.ബി.ഐ. സംഘം പരിശോധിച്ചു. സിഗ്നൽ റൂമിലെത്തിയ സംഘം റെയിൽവേ ഉദ്യോഗസ്ഥരുമായും സംസാരിച്ചു.

ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അട്ടിമറി സംശയിക്കുന്നതായും റെയിൽവേ അറിയിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. ദുരന്തത്തിൽ 288 പേർ മരിച്ചെന്ന് ചീഫ് സെക്രട്ടറി പി.കെ. ജെന ചൊവ്വാഴ്ച അറിയിച്ചു. 1100 പേർക്ക് പരിക്കേറ്റു. ഇവരിൽ 200 പേരാണ് ചികിത്സയിലുള്ളത്.

ലൂപ് ലൈനിൽ നിർത്തിയിട്ട ചരക്ക് വണ്ടിയിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് പാഞ്ഞുകയറിയായിരുന്നു അപകടം. സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത കോറമണ്ഡൽ എക്സ്പ്രസിന് നേരേ പോകാനുള്ള പച്ച സിഗ്നൽ ലഭിച്ചെങ്കിലും ചരക്കുവണ്ടി കിടന്നിരുന്ന ലൂപ് ലൈനിലേക്ക് പാഞ്ഞുകയറാനുണ്ടായ കാരണമാണ് അന്വേഷിക്കുന്നത്.

തിരിച്ചറിയാതെ 83 മൃതദേഹങ്ങൾ

: ദുരന്തത്തിന് ഇരയായ 83 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. ഇതിനായി ഭുവനേശ്വർ എയിംസ് ഡി.എൻ.എ. പരിശോധന ആരംഭിച്ചു. മൃതദേഹത്തിന് അവകാശം ഉന്നയിച്ചെത്തിയ 10 പേരുടെ ഡി.എൻ.എ. സാംപിൾ ഇതുവരെ ശേഖരിച്ചു. ഡി.എൻ.എ. റിപ്പോർട്ടിന്റെ ഫലം ഏഴുമുതൽ 10 ദിവസംവരെ കഴിഞ്ഞാണ് ലഭിക്കുക.

ദുരന്തഭൂമി പിന്നിട്ട് വീണ്ടും കോറമാണ്ഡൽ

ദുരന്തംകഴിഞ്ഞ് നാലുദിവസങ്ങൾക്കിപ്പുറം അപകടസ്ഥലത്തുകൂടി കടന്നുപോയി ചെന്നൈയിൽനിന്നുള്ള കോറമാണ്ഡൽ എക്സ്പ്രസ്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് ചൊവ്വാഴ്ച തീവണ്ടി കടന്നുപോയത്. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ 70 തീവണ്ടികൾ ഇതുവരെ ബഹനാഗാ ബസാർ റെയിൽവേസ്റ്റേഷൻ കടന്നുപോയി.

തീവണ്ടിയിൽ പുക; ആശങ്കപടർത്തി

:ചൊവ്വാഴ്ചയും ഒഡിഷയിൽ തീവണ്ടിയാത്രയ്ക്കിടെ കടുത്ത ആശങ്ക. സെക്കന്തരാബാദ്-അഗർത്തല എക്സ്‌പ്രസിലെ എ.സി. യൂണിറ്റിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് ഒഡിഷയിലെ ബ്രഹ്മപുരിൽ വണ്ടി പിടിച്ചിട്ടു. യാത്രക്കാരാണ് റെയിൽവേ അധികൃതരെ വിവരമറിയിച്ചത്. വൈദ്യുതത്തകരാറാണ് കാരണം.

ബാലസോർ ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പ് തിങ്കളാഴ്ച ഒഡിഷയിൽ ചരക്കുതീവണ്ടി പാളംതെറ്റിയതും കടുത്ത ആശങ്കയ്ക്കിടയാക്കിയിരുന്നു. പുലർച്ചെ ബർഗഢ് ജില്ലയിലെ മെന്ദപാലിക്ക് സമീപമായിരുന്നു അപകടം.

ഉന്നതയോഗം വിളിച്ച് റെയിൽവേ മന്ത്രി

ഒഡിഷയിൽനിന്ന് തിരിച്ചെത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. റെയിൽവേ സോണുകളിൽ സുരക്ഷാ ഡ്രില്ലുകൾ നടത്തുന്നത് ചർച്ച ചെയ്തു. റെയിൽവേ ശൃംഖലയിലുടനീളം സിഗ്നലിങ്ങിനും ടെലികോം സംവിധാനങ്ങൾക്കും പ്രത്യേക ഊന്നൽ നൽകിയാകും ഡ്രിൽ നടത്തുക.

Content Highlights: cbi starts enquiry in odisha train accident

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..