ആഘോഷമാക്കൂ, പരീക്ഷകൾ- വിദ്യാർഥകളോട് പ്രധാനമന്ത്രി


ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ‘പരീക്ഷ പേ ചർച്ച’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികൾക്കൊപ്പം

ന്യൂഡൽഹി: സമ്മർദത്തിന് അടിമപ്പെടാതെ പരീക്ഷകളെ നേരിടണമെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്സവം ആഘോഷിക്കുന്ന മനഃസ്ഥിതിയോടെ വേണം പരീക്ഷകളെ അഭിമുഖീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തെ കോവിഡ് അടച്ചിടലിനുശേഷം പരീക്ഷയെഴുതാൻ പോകുന്ന വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ‘പരീക്ഷാ പേ ചർച്ച’യുടെ അഞ്ചാംപതിപ്പാണ് ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്നത്.

ഓൺലൈനിൽ പഠിക്കുന്നത് ഓഫ്‌ലൈനിൽ പ്രായോഗികമാക്കണം. പഠിക്കാൻ എങ്ങനെ പ്രചോദനം കണ്ടെത്താമെന്ന ഒരു ചോദ്യത്തിന് കുത്തിവെപ്പിലൂടെ അത് നൽകാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ടും നമ്മളെക്കാൾ വെല്ലുവിളി നേരിടുന്നവർ അതിനെ മറികടക്കുന്നത് നോക്കിയും സ്വയം പ്രചോദിതരാകണം. നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടെത്തി അവ ഒഴിവാക്കാനും ശ്രദ്ധിക്കണം- പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹികമാധ്യമങ്ങൾ ഓൺലൈൻ ക്ലാസുകളിൽ ശ്രദ്ധതെറ്റിക്കുന്നതായി തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർഥിനി കീർത്തന പറഞ്ഞു. എന്നാൽ, ഏതു മാധ്യമത്തിലൂടെ പഠിക്കുന്നു എന്നതിനുപരി മനസ്സ് എത്രത്തോളം ജാഗരൂകമാണെന്നതാണ് ശ്രദ്ധിച്ച് പഠിക്കുന്നതിന്റെ അടിസ്ഥാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യകൾ ഇനിയും മാറിക്കൊണ്ടിരിക്കുമെന്നും അവയെ സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷിതാക്കളോട്

*പ്രതീക്ഷകളും സാക്ഷാത്കരിക്കാതെപോയ സ്വപ്നങ്ങളും മക്കളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കുട്ടിയും വെവ്വേറെ മേഖലകളിൽ കഴിവുള്ളവരാണ്. അത് മനസ്സിലാക്കി അവരെ പ്രവർത്തിക്കാൻ അനുവദിക്കണം.

അധ്യാപകരോട്

*വിദ്യാഭ്യാസനയം കാലാനുസൃതമായി മാറേണ്ടതാണെന്നും രാജ്യമെമ്പാടുമുള്ള ജനങ്ങളുടെ അഭിപ്രായം തേടിയാണ് 2020-ലെ നയം (എൻ.ഇ.പി.) തയാറാക്കിയതെന്നും മോദി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസനയം കൊണ്ട് വിദ്യാർഥികൾക്കും സമൂഹത്തിനുമുണ്ടാകുന്ന മെച്ചമെന്താണെന്ന് ചോദിച്ച അധ്യാപികയോടാണ് മോദി ഇതേക്കുറിച്ച് വിശദീകരിച്ചത്. ഈ നൂറ്റാണ്ടിൽ ആവശ്യമായ കഴിവുകൾ ആർജിച്ചെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് പുതിയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Celebrate exams pm modi to students

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..