പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്.അഖിൽ
ന്യൂഡൽഹി: രാജ്യത്തെ ടോൾസംവിധാനത്തിൽ അടിമുടി പരിഷ്കാരവുമായെത്തിയ ഫാസ്ടാഗിന് അന്ത്യമാവുന്നു. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) വഴി വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കാനുള്ള പരീക്ഷണപദ്ധതി ഇന്ത്യയിൽ തുടങ്ങി. 1.37 ലക്ഷം വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിച്ചു. ഇതു വിജയമായാൽ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഗതാഗതമന്ത്രാലയം ഒരുങ്ങുന്നത്.
ഇതിനുള്ള പഠനറിപ്പോർട്ട് റഷ്യയിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നുമുള്ള വിദഗ്ധർ തയ്യാറാക്കിത്തുടങ്ങിയതായും ഏതാനും ആഴ്ചകൾക്കുള്ളിൽ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. ജി.പി.എസ്. ടോൾപിരിവ് വരുന്നതോടെ റോഡുകളിലെ ടോൾബൂത്തുകളും ഇല്ലാതാവും. ഇതിന് ഗതാഗത നയത്തിലടക്കം ഭേദഗതി വരുത്തേണ്ടതിനാൽ പൂർണമായി നടപ്പാക്കാൻ രണ്ടോ മൂന്നോ വർഷമെങ്കിലും വേണ്ടിവരും.
രാജ്യത്ത് 2023-ഓടെ ജി.പി.എസ്. സംവിധാനം വഴി ടോൾപിരിവ് നടപ്പാക്കുമെന്ന് 2020 ഡിസംബറിലാണ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. ഇതിനുള്ള നയങ്ങൾ 2021 നവംബറോടെ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, പദ്ധതി ഒരുവർഷംകൂടി വൈകുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന ജി.പി.എസ്. വെഹിക്കിൾ ട്രാക്കിങ് സിസ്റ്റമാണ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളത്.
എന്താണ് ജി.പി.എസ്. സംവിധാനം
ജി.പി.എസ്. സംവിധാനം വരുന്നതോടെ വാഹനം ദേശീയപാതയിൽ കയറുമ്പോൾത്തന്നെ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ്. വഴി അത് രേഖപ്പെടുത്തും. ദേശീയപാതയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അത്രയും ദൂരത്തിന് തുക ഈടാക്കും. വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ട് ഇതിനായി ജി.പി.എസ്. സംവിധാനവുമായി ബന്ധപ്പെടുത്തും. ഈ സംവിധാനത്തിലൂടെ രാജ്യത്തെ ദേശീയപാതകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ പൂർണവിവരം അധികൃതർക്ക് ലഭ്യമാവും. വാഹനാപകടങ്ങളടക്കമുള്ള കാര്യങ്ങളിൽ ക്യാമറകളില്ലാത്ത ഭാഗങ്ങളിലും തെറ്റുകാരെ ഉടൻ കണ്ടെത്താനും കഴിയും. ജി.പി.എസ്. വഴി ഉടമയ്ക്ക് തങ്ങളുടെ വാഹനം എപ്പോഴും പരിശോധിക്കാമെന്നതിനാൽ വാഹനത്തിന്റെ സുരക്ഷിതത്വവും കൂടും.
മറ്റു രാജ്യങ്ങളിൽ
ജർമനിയിൽ ഇപ്പോൾ 98.8 ശതമാനം വാഹനങ്ങളിലും ജി.പി.എസ്. സംവിധാനംവഴിയാണ് ടോൾപിരിവ്. ദക്ഷിണ കൊറിയ, ജപ്പാൻ, നോർവേ രാജ്യങ്ങളും സമാനസംവിധാനം നടപ്പാക്കി. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനം നടപ്പാക്കാൻ ജി.പി.എസ്. അധിഷ്ഠിത ജിയോ ഫെൻസ് ഒരുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വന്തം ജിയോ പൊസിഷനിങ് സംവിധാനം(NaviC) ഈയിടെ ജി.പി.എസിനെക്കാൾ കൃത്യമായ ലൊക്കേഷൻ ഡേറ്റ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, സർക്കാർ ഇതുപയോഗിക്കുമോ എന്നു വ്യക്തമല്ല.
മുന്നിലുള്ള വെല്ലുവിളികൾ
നിലവിൽ ടോൾബൂത്തുകളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഫാസ്ടാഗ് ടോൾ സൗജന്യമാണ്. ഇത് എങ്ങനെ ജി.പി.എസിൽ ഉൾപ്പെടുത്തുമെന്നതടക്കമുള്ള ചെറിയ പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടതുണ്ട്. നിലവിൽ ഫാസ്ടാഗിലെ പണം പ്രത്യേകമായാണ് ബാങ്കുകൾ ഈടാക്കുന്നത്. ഇത് നേരിട്ടാകുമ്പോൾ സൈബർ സുരക്ഷ ഉറപ്പാക്കേണ്ടതുമുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..