ചീറ്റകൾ ഇണങ്ങിത്തുടങ്ങി, ആദ്യ ഭക്ഷണം പോത്തിറച്ചി


കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ടു ചീറ്റപ്പുലികളിലൊന്ന് |ഫോട്ടോ:PTI

ഷിയോപുർ (മധ്യപ്രദേശ്): നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച എട്ടു ചീറ്റപ്പുലികൾ നിലവിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടുതുടങ്ങിയതായി റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് നമീബിയയിൽനിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക സംരക്ഷിതമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവ ഇപ്പോൾ ഇവിടെ കളിച്ചുല്ലസിക്കുന്നതായാണ് പരിപാലനസംഘം നൽകുന്ന റിപ്പോർട്ട്.

ഇന്ത്യയിലെത്തിച്ചശേഷം ഞായറാഴ്ച വൈകുന്നേരമാണ് ചീറ്റകൾക്ക് ആദ്യമായി തീറ്റനൽകിയത്. രണ്ടുകിലോവീതം പോത്തിറച്ചിയാണ് നൽകിയത്. ചീറ്റകളിൽ‌ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം നൽകിയ തീറ്റ മുഴുവൻ കഴിച്ചതായി പരിപാലനസംഘം അറിയിച്ചു. സാധാരണയായി മൂന്നുദിവസത്തിലൊരിക്കൽമാത്രമാണ് ചീറ്റകൾ ഭക്ഷണംകഴിക്കാറ്.

പുതിയ സാഹചര്യവുമായി ചീറ്റകളെല്ലാം ഇണങ്ങിയതായും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പരിപാലനസംഘം നൽകുന്ന വിവരം. എട്ടു ചീറ്റകളും സംഘത്തിന്റെ തുടർച്ചയായ നിരീക്ഷണത്തിലാണ്. 30 മുതൽ 66 മാസം വരെയാണ് ചീറ്റകളുടെ പ്രായം. ഫ്രെഡി, ആൾട്ടൺ, സവനഹ്, സസ, ഒബാൻ, ആശ, സിബിലി, സയിസ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ. അഞ്ചെണ്ണം പെൺചീറ്റകളും മൂന്നെണ്ണം ആൺചീറ്റകളുമാണ്.

ശനിയാഴ്ച തുറന്നുവിടുന്പോൾ ആശങ്കപ്പെട്ടുനിന്നിരുന്ന ചീറ്റകൾ ഇപ്പോൾ തികച്ചും സ്വതന്ത്രരായാണ് കാണപ്പെടുന്നത്. ഇന്ത്യയിൽനിന്നും നമീബിയയിൽനിന്നുമുള്ള വിദഗ്‌ധരാണ് ചീറ്റകളെ നിരീക്ഷിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..