ഇന്ത്യയും യു.എസും അടുക്കുന്നതിൽ എതിർപ്പുയർത്തി ചൈന


ഷി ജിൻപിങ്ങും നരേന്ദ്ര മോദിയും | Photo: AP

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഔളിയിൽ നടക്കുന്ന ഇന്ത്യ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിനെതിരേ ചൈന. ഇന്ത്യ-ചൈന അതിർത്തികരാറിന്റെ സത്തയ്ക്ക് നിരക്കാത്തതാണ് ഇതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ കുറ്റപ്പെടുത്തി. ബെയ്ജിങ്ങിൽ വാർത്താസമ്മേളനത്തിൽ പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ലിജിയാൻ.

ഉത്തരാഖണ്ഡിൽ നിയന്ത്രണരേഖയ്ക്ക് 100 കിലോമീറ്റർ അകലെയാണ് ‘യുദ്ധ് അഭ്യാസ്’ എന്ന പേരിൽ 18-ാമത് ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക പരിശീലനം. 1993, 1996 വർഷങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ കരാറുകളുടെ ലംഘനമാണിതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഗുണംചെയ്യില്ലെന്നും സാവോ ലിജിയാൻ പറഞ്ഞു.

ദുരന്തനിവാരണം, ദുരിതാശ്വാസം എന്നിവയിൽ അറിവും അനുഭവങ്ങളും പങ്കുവെക്കാനാണ് വർഷങ്ങളായി തുടരുന്ന സംയുക്ത പരിശീലനമെന്നാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയുടെ 11-ാം എയർേബാൺ ഡിവിഷന്റെ സെക്കൻഡ്‌ ബ്രിഗേഡ് സൈനികരും അസം റെജിമെന്റിലെ സൈനികരുമാണ് പങ്കെടുക്കുന്നത്.

യു.എസ്. തലയിടരുത്

ഇന്ത്യയുമായുള്ള ബന്ധത്തിൽ തലയിടാൻ വരരുതെന്ന് ചൈന യു.എസിന് മുന്നറിയിപ്പ് നൽകിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ചൈനയുടെ സൈനികശേഷി അവലോകനംചെയ്ത് കോൺഗ്രസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരമാർശിക്കുന്നത്. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിന്റെ തീവ്രത കുറച്ചുകാണിക്കാനാണ് ചൈന എപ്പോഴും ശ്രമിക്കുന്നത്. ‌അതിർത്തിത്തർക്കം മറ്റ് മേഖലകളിലെ സഹകരണത്തെ ബാധിക്കാതിരിക്കാനും ഇന്ത്യ യു.എസിനോട് അടുക്കാതിരിക്കാനും ചൈന ശ്രദ്ധചെലുത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020-ലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം സംഘർഷത്തിൽ കലാശിച്ചത്. ഗാൽവൻ താഴിവരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചു. ചൈനയുടെ ഭാഗത്തും മരണമുണ്ടായെങ്കിലും ഇതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 2021-ലും അതിർത്തിയോടുചേർന്നുള്ള ഭാഗത്ത് ചൈന നിർമാണപ്രവർത്തനങ്ങൾ തുടർന്നതായും പെന്റഗൺ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അനുരഞ്ജനചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നേരിയ പുരോഗതിമാത്രമാണ് സൃഷ്ടിച്ചത്.

Content Highlights: China has warned US officials not to interfere in its relationship with India - Pentagon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..