ലൈംഗികപീഡനക്കേസുകളിലെ വിചാരണ അടച്ചിട്ട മുറിയിൽ മതി - സുപ്രീംകോടതി


വിസ്തരിക്കുമ്പോൾ പരാതിക്കാരിയുടെ വികാരം കണക്കിലെടുക്കണം, ബഹുമാനിക്കണം

ഫോട്ടോ:പി.ടി.ഐ

ലൈംഗികപീഡനക്കേസുകളുടെ വിചാരണ അടച്ചിട്ട കോടതിമുറിയിൽ (ഇൻ ക്യാമറ) മാത്രമേ നടത്താവൂയെന്ന് സുപ്രീംകോടതി നിർദേശിച്ചു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 327-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിന്റെ കാര്യത്തിൽ മാത്രമാണ് ഇത് പറയുന്നത്. എന്നാൽ, മുഴുവൻ ലൈംഗികപീഡനക്കേസുകളിലേക്കും ഈ നിബന്ധന സുപ്രീംകോടതി വ്യാപിപ്പിച്ചു. മഹാരാഷ്ട്രയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ യോഗാധ്യാപിക അവിടത്തെ വൈസ് ചാൻസലർക്കെതിരേ നൽകിയ പരാതിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

വൈസ് ചാൻസലർക്കെതിരേ പോലീസിൽ പരാതിനൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന്, പീഡനക്കേസുകളിലെ വിചാരണവേളയിൽ പരാതിക്കാരികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ കുറയ്ക്കാൻ വിവിധ നിർദേശങ്ങൾ സുപ്രീംകോടതി പുറത്തിറക്കി. മഹാരാഷ്ട്രയിലെ പീഡനക്കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.

1. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിലെ പരാതിക്കാരി, സാക്ഷികൾ എന്നിവരെ വിസ്തരിക്കുന്നത് അടച്ചിട്ട കോടതിയിലായിരിക്കണം. പരസ്യവിസ്താരം പാടില്ല.

2. കേസിലെ പ്രതിയും പരാതിക്കാരിയും തമ്മിൽ കാണാതിരിക്കാൻ സ്‌ക്രീൻ സ്ഥാപിക്കാം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പ്രതിയോട് മുറിവിട്ടുപോകാൻ നിർദേശിക്കണം.

3. പ്രതിഭാഗം അഭിഭാഷകർ പരാതിക്കാരിയെ വിസ്തരിക്കുമ്പോൾ അവരുടെ വികാരം കണക്കിലെടുക്കുകയും ബഹുമാനിക്കുകയും വേണം. അനുചിതമായ ചോദ്യങ്ങളുണ്ടാവരുത്. പ്രതിഭാഗം അഭിഭാഷകർക്ക് ചോദിക്കാനുള്ളത് കോടതിയിൽ എഴുതി നൽകുകയും കോടതി അത് ചോദിക്കുകയും ചെയ്യണം.

4. ക്രോസ് വിസ്താരം കഴിയുമെങ്കിൽ ഒരു സിറ്റിങ്ങിൽ തീർക്കണം.

Content Highlights: Closed room trial in sexual harassment cases Supreme Court

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..