മോദിസർക്കാർ രാജ്യത്തെ ധ്രുവീകരിക്കുന്നു -സോണിയ


‘കോൺഗ്രസിൽ അടിയന്തര പരിഷ്കാരം വേണം’

സോണിയ ഗാന്ധി |ഫോട്ടോ:ANI

ഉദയ്‍പുർ(രാജസ്ഥാൻ): രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയും നരേന്ദ്രമോദി സർക്കാർ രാജ്യത്തെ ധ്രുവീകരിച്ചു നിർത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അസാധാരണ സാഹചര്യങ്ങളെ നേരിടാൻ കോൺഗ്രസിൽ അടിയന്തര പരിഷ്കാരം വേണമെന്നും ഉദയ്‍പുരിലെ താജ് ആരവല്ലി റിസോർട്ടിൽ കോൺഗ്രസ് ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യവേ അവർ പറഞ്ഞു.

പാർട്ടി എല്ലാവർക്കും ഒരുപാട് നൽകി, ഇപ്പോൾ കടംവീട്ടാനുള്ള സമയമാണ്. അതിജീവിക്കാനും വളരാനും സംഘടനയിൽ കാലാനുസൃത മാറ്റങ്ങൾ അനിവാര്യമാണ്. പാർട്ടിഘടനയിലും തന്ത്രങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റംവേണം. ഇത് കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ. വ്യക്തിതാത്‌പര്യങ്ങളും സംഘടനയുടെ താത്‌പര്യങ്ങളും ഒന്നാവേണ്ട സമയമായെന്നും നാനൂറിലധികം വരുന്ന പ്രതിനിധികളോടായി സോണിയ പറഞ്ഞു.

സമീപകാലത്തുണ്ടായ തിരിച്ചടികൾ മറക്കുന്നില്ല. ജനം കോൺഗ്രസിൽനിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം കാഴ്ചപ്പാടുകൾ എല്ലാവർക്കും മറയില്ലാതെ പറയാം. എന്നാൽ, സംഘടനയുടെ ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം മാത്രമേ പുറത്തുപോകാവൂ. -വിമത നേതാക്കൾക്കടക്കമുള്ള മുന്നറിയിപ്പായി സോണിയ വ്യക്തമാക്കി.

ഗാന്ധി ഘാതകരെ മഹത്ത്വവത്കരിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടാളികളും പരമാവധി ഭരണം, കുറഞ്ഞ സർക്കാർ എന്ന മുദ്രാവാക്യവുമായി ജനങ്ങളെ നിരന്തരമായ ഭയത്തിലും അരക്ഷിതാവസ്ഥയിലും നിർത്തുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്ത്വവത്കരിക്കുന്നു. സ്വന്തം സൈദ്ധാന്തികരെ വാഴ്ത്തിപ്പാടുന്നു. ജവാഹർലാൽ നെഹ്രുവിനെ നിരന്തരം അപകീർത്തിപ്പെടുത്തുന്നു. മുൻ ഭരണാധികാരികളുടെ സംഭാവനകളെയും ത്യാഗങ്ങളെയും വളച്ചൊടിക്കുന്നു. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുക, നാനാത്വത്തിൽ ഏകത്വം എന്ന ആശയം അട്ടിമറിക്കുക, രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുക, അവരുടെ പ്രശസ്തി അപകീർത്തിപ്പെടുത്തുക, ജയിലിലടയ്ക്കുക, ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുക, രാജ്യത്തിന്റെ ഭരണഘടനയ്ക്ക് തുരങ്കം വെക്കുക, ദുർബല വിഭാഗങ്ങൾക്കെതിരേ നടക്കുന്ന അക്രമങ്ങൾക്കുനേരെ കണ്ണടയ്ക്കുക, സമൂഹത്തെയും മാധ്യമങ്ങളെയും ഭയപ്പെടുത്തുക തുടങ്ങിയവയും പതിവായി. എക്കാലത്തെയും വാചാലനായ പ്രധാനമന്ത്രി വഴിതിരിച്ചുവിടൽ തന്ത്രങ്ങളിലൂടെ ഇക്കാര്യങ്ങളിലെല്ലാം നിശ്ശബ്ദത പുലർത്തുകയാണെന്നും സോണിയ കൂട്ടിച്ചേർത്തു.

ചിന്തൻ ശിബിരത്തിൽ 422 പ്രതിനിധികളെ ആറു സമിതികളിലാക്കിയാണ് ചർച്ചകൾ നടക്കുന്നത്.

Content Highlights: congress chintan shivir-sonia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..