ഫോട്ടോ: എ.എൻ.ഐ
നേത്രംഗ് (ഗുജറാത്ത്): രാജ്യത്തെ ഗോത്രസമൂഹത്തെ ബഹുമാനിക്കാത്തവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്നാക്കസമൂഹത്തിന്റെ പ്രതിനിധിയായ ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വത്തെ അവർ എതിർത്തുവെന്നും ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ഗോത്രമേഖലയായ നേത്രംഗിൽ നടത്തിയ പൊതുറാലിയിൽ അദ്ദേഹം ആരോപിച്ചു.
കോവിഡിനെ ചുരുങ്ങിയകാലംകൊണ്ട് രാജ്യം പിടിച്ചുകെട്ടി. ഒരുപാവപ്പെട്ടവന്റെയും കുട്ടി ഭക്ഷണംകിട്ടാതെ ഉറങ്ങരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത് അതിനായാണ് പ്രവർത്തിക്കുന്നത്. മൂന്നുവർഷമായി 80 കോടി ജനങ്ങൾക്ക് സൗജന്യറേഷൻ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദി നുണയന്മാരുടെ തലവൻ -ഖാർഗെ
ഡേഡിയാപട: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മോദി നുണയന്മാരുടെ തലവനും സ്വയംദരിദ്രനെന്ന് പറഞ്ഞ് സഹതാപംനേടാൻ ശ്രമിക്കുന്നവനുമാണെന്ന് ഖാർഗെ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ ഗോത്രവിഭാഗ ഭൂരിപക്ഷമുള്ള നർമദാ ജില്ലയിലെ ഡേഡിയാപടയിൽ നടത്തിയ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് 70 വർഷംകൊണ്ട് എന്തുചെയ്തുയെന്നാണ് മോദിയും അമിത്ഷായും ചോദിക്കുന്നത്. കോൺഗ്രസ് ഒന്നുംചെയ്യാതിരുന്നെങ്കിൽ നിങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആം ആദ്മി സർക്കാർ രൂപവത്കരിക്കും -കെജ്‍രിവാൾ
അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപവത്കരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. സൂറത്തിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രവചനം കടലാസിൽ എഴുതി മാധ്യമങ്ങളെ കാണിച്ചു.
ജനുവരി 31-നകം സംസ്ഥാനത്ത് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുമെന്നും കെജ്‍രിവാൾ ഉറപ്പുനൽകി. തോൽവി ഉറപ്പിച്ചതിനാലാണ് ബി.ജെ.പി. ബഹളംവെക്കുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പുചിത്രത്തിൽപ്പോലുമില്ല. ഗുജറാത്തിലെ ബി.ജെ.പി. പ്രവർത്തകർപോലും ആം ആദ്മിക്ക് വോട്ടുചെയ്യുമെന്ന് കെജ്‍രിവാൾ അവകാശപ്പെട്ടു.
Content Highlights: Congress didn't respect the tribal people in India said Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..