ഇരമ്പി, പ്രതിഷേധം: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മാര്‍ച്ച്‌, രാഹുലും പ്രിയങ്കയുമടക്കം കസ്റ്റഡിയിൽ


തലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധമിരമ്പി

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള കോൺഗ്രസ് മാർച്ച് തടഞ്ഞപ്പോൾ റോഡിലിരുന്ന് പ്രതിഷേധിച്ച പ്രിയങ്കഗാന്ധിയെ പോലീസ് ബലംപ്രയോഗിച്ച് നീക്കുന്നു

ന്യൂഡല്‍ഹി : വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി. വർധന എന്നീ വിഷയങ്ങളുയർത്തിയുള്ള കോൺഗ്രസ് സമരത്തിൽ വെള്ളിയാഴ്ച തലസ്ഥാനം പ്രക്ഷുബ്ധമായി. രാഷ്ട്രപതി ഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കറുത്ത വസ്ത്രങ്ങളണിഞ്ഞ് മാർച്ചു ചെയ്യുന്നതിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളെയും എം.പി.മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസിന്റെ ബാരിക്കേഡ് ചാടിക്കടന്ന് മുന്നോട്ടുനീങ്ങി റോഡിൽ കുത്തിയിരിക്കുമ്പോഴാണ് പ്രിയങ്കയെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തത്. രമ്യാ ഹരിദാസ് ഉൾപ്പെടെയുള്ള വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയത്. വിജയ്ചൗക്കിലും എ.ഐ.സി.സി. ആസ്ഥാനത്തും നേതാക്കളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രാജ്യത്ത് ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നും അതിനെ സംരക്ഷിക്കലാണ് കോൺഗ്രസിന്റെ ജോലിയെന്നും രാഹുൽ പറഞ്ഞു. എം.പി.മാരെ പോലീസ് മർദിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർ വിലക്കയറ്റം കാണുന്നില്ലെന്നും അത് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ പോവുകയാണെന്നും പ്രിയങ്ക പറഞ്ഞു.

പാർലമെന്റിനു മുന്നിൽ നിന്ന് മാർച്ച് തുടങ്ങുമ്പോൾ അധ്യക്ഷ സോണിയാ ഗാന്ധി സന്നിഹിതയായിരുന്നുവെങ്കിലും പങ്കെടുത്തില്ല. ഈ സമയം, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ എ.ഐ.സി.സി. ആസ്ഥാനത്തിനുമുന്നിൽ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചിനും ശ്രമിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇവിടെ തമ്പടിച്ചിരുന്നു. എന്നാൽ, ജന്തർ മന്ദറിലൊഴികെ ഡൽഹി മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ച് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നതിനാൽ എ.ഐ.സി.സി. ആസ്ഥാനത്തിനുമുന്നിൽനിന്ന് എവിടേക്കും നീങ്ങാൻ ഇവർക്ക് സാധിച്ചില്ല. തുടർന്നാണ് പ്രിയങ്ക ബാരിക്കേഡ് കടന്നു മുന്നോട്ടു നീങ്ങിയത്.

രാഷ്ട്രപതിഭവനിലേക്കുള്ള എം.പി.മാരുടെ മാർച്ച് വിജയ് ചൗക്കിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. ഘട്ടം ഘട്ടമായി എം.പി.മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും ഒടുവിലായാണ് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, മല്ലികാർജുൻ ഖാർഗെ, പി. ചിദംബരം തുടങ്ങിയ നേതാക്കളെ കിങ്‌സ് വേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.

Content Highlights: Congress march, including Rahul and Priyanka in custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..