ഗഹ്‌ലോതിനെ മത്സരിപ്പിച്ചേക്കില്ല, വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് സോണിയ; കെ.സി. വേണുഗോപാലും പരിഗണനയിൽ


പ്രകാശൻ പുതിയേട്ടി/ ന്യൂഡൽഹി

ഗഹ്‌ലോത് മത്സരരംഗത്തുനിന്ന് മാറിയാൽ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കമൽനാഥ്,. കെ.സി. വേണുഗോപാൽ എന്നിവരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.

അശോക് ഗഹ്‌ലോത്, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് വിമതനായി മാറിയതോടെ രാജസ്ഥാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയാകുന്നതുവരെ സംസ്ഥാനത്ത് തൽസ്ഥിതി തുടരാൻ ഹൈക്കമാൻഡ് തീരുമാനിച്ചു.

സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമത്തെ ഗഹ്‌ലോത് പക്ഷക്കാരായ 92 എം.എൽ.എ.മാർ രാജിക്കത്തുമായി പ്രതിരോധിച്ചത് കോൺഗ്രസ് ഹൈക്കമാൻഡിനെ കടുത്ത സമ്മർദത്തിലാക്കി. വിശ്വസ്തനായിരുന്ന ഗഹ്‌ലോതിനെ അധ്യക്ഷസ്ഥാനത്തേക്കു പിന്തുണയ്ക്കുന്നത് പുനരാലോചിച്ചുവരികയാണ്. ഗഹ്‌ലോതിന്റെ വിശ്വസ്തരായ സ്പീക്കർ സി.പി. ജോഷി, മന്ത്രി ശാന്തി ധരിവാൾ എന്നിവർക്കെതിരേ അച്ചടക്കലംഘനത്തിന് നോട്ടീസും നൽകിയതായി അറിയുന്നു. ഗഹ്‌ലോത് മത്സരരംഗത്തുനിന്ന് മാറിയാൽ നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കമൽനാഥ്,. കെ.സി. വേണുഗോപാൽ എന്നിവരെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്.ഞായറാഴ്ച നടന്ന സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് രേഖാമൂലം സമർപ്പിക്കാൻ ജയ്‍പുരിൽനിന്ന് മടങ്ങിയെത്തിയ നിരീക്ഷകരായ ഖാർഗെയോടും അജയ് മാക്കനോടും അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. വൈകാതെ റിപ്പോർട്ട് കൈമാറുമെന്ന് സോണിയയുമായി തിങ്കളാഴ്ച വൈകീട്ടു നടത്തിയ ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം അജയ് മാക്കൻ പറഞ്ഞു. പ്രശ്നപരിഹാര ചർച്ചയ്ക്കായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിനെ സോണിയ വിളിച്ചുവരുത്തി. പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും സോണിയയെ കണ്ടു.

ഹൈക്കമാൻഡ് നിരീക്ഷകർ വിളിച്ച നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാത്ത ഗഹ്‌ലോത് അനുകൂലികളായ എം.എൽ.എ.മാരുടെ നിലപാടിനെ തികഞ്ഞ അച്ചടക്കലംഘനമായാണ് സോണിയ വിലയിരുത്തിയത്. ഗഹ്‌ലോതിന്റെ അനുയായികളായ മന്ത്രിമാരും എം.എൽ.എ.മാരും കാണിച്ചത് അച്ചടക്കലംഘനമാണെന്ന് അജയ് മാക്കനും പറഞ്ഞു. ‘ഇവരുടെ പ്രതിനിധികൾ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. പാർട്ടിയധ്യക്ഷനെ തിരഞ്ഞെടുത്തതിനുശേഷം മതി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കൽ, 2020-ലെ പ്രതിസന്ധി സമയത്ത് കൂടെനിന്ന 102 എം.എൽ.എ.മാരിൽ നിന്നൊരാളാവണം മുഖ്യമന്ത്രി, എം.എൽ.എ.മാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നതിനുപകരം കൂട്ടമായി കാണണം എന്നിവ. ഇത് സ്ഥാപിത താത്‌പര്യമാണ്. കോൺഗ്രസ് നിയമസഭാകക്ഷി യോഗസമയം സമാന്തരയോഗം ചേർന്നത് അച്ചടക്ക ലംഘനമാണ്’ -മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ അധ്യക്ഷ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന ഒറ്റവരി പ്രമേയം നിയമസഭാ കക്ഷിയോഗത്തിൽ പാസാക്കാമെന്ന പ്രതീക്ഷയോടെ ജയ്‍പുരിലെത്തിയ ഖാർഗെയും മാക്കനും സാക്ഷ്യംവഹിച്ചത് നാടകീയരംഗങ്ങൾക്കാണ്. യോഗത്തിനായി ഇരുവരും ഗഹ്‌ലോതിന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹത്തിന്റെ അനുകൂലികളായ എം.എൽ.എ.മാർ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടിൽ യോഗം ചേർന്ന് എതിർ പ്രമേയം പാസാക്കി. മുഖ്യമന്ത്രിയെ സോണിയ തിരഞ്ഞെടുക്കണമെന്നുള്ള പ്രമേയത്തിൽ, അത് അധ്യക്ഷ തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന നിബന്ധനയും ചേർത്തു. ഗഹ്‌ലോത് അധ്യക്ഷനായാൽ തങ്ങൾക്കിഷ്ടമുള്ളയാളെ മുഖ്യമന്ത്രിയാക്കും എന്ന ധ്വനി കൂടിയടങ്ങിയ പ്രമേയത്തെ നേതൃത്വത്തോടുള്ള അവഹേളനമെന്നാണ് അജയ് മാക്കൻ വിശേഷിപ്പിച്ചത്.

തങ്ങളുടെ സമ്മതമില്ലാതെ മുഖ്യമന്ത്രിയെ നിശ്ചയിച്ചാൽ സർക്കാർ താഴെവീഴുമെന്ന സൂചന നൽകി സ്പീക്കർ സി.പി. ജോഷിയുടെ വീട്ടിലെത്തി രാജിക്കത്തും എം.എൽ.എ.മാർ നൽകിയിരുന്നു. പൈലറ്റിനെ ഒഴിവാക്കി സി.പി. ജോഷി, ഗോവിന്ദ് സിങ് ദൊതാസറ, ബി.ഡി. കല്ല എന്നിവരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗഹ്‌ലോതിന്റെ ആവശ്യം. മന്ത്രി ശാന്തി ധരിവാളിനും കസേരയിൽ നോട്ടമുണ്ട്.

Content Highlights: Congress president election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..