രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, ഖാർഗെ, തരൂർ | Photo: PTI
ന്യൂഡൽഹി: മത്സരം മല്ലികാർജുന ഖാർഗെയും ശശി തരൂരും തമ്മിലാണെങ്കിലും അതിൽ വിജയം ‘ഹൈക്കമാൻഡി’ന്റേതാണ്. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനാണ് ഖാർഗെ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാർഥി. ആദ്യം സ്ഥാനാർഥിയാകുമെന്ന് കരുതിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതും ദിഗ്വിജയ് സിങ്ങും എല്ലാം വിശ്വസ്തർതന്നെ.
ഈ രണ്ടുപേരിലൂടെയുമാണ് ഒടുവിൽ സ്ഥാനാർഥിത്വം ഖാർഗെയിലെത്തിച്ചേർന്നത്. രാജസ്ഥാനിൽ കുറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരമായി ഗഹ്‌ലോതിനെ പാർട്ടി പ്രസിഡന്റാക്കാനും പകരം മുഖ്യമന്ത്രിസ്ഥാനം സച്ചിൻ പൈലറ്റിന് കൈമാറാനുമായിരുന്നു പദ്ധതി. അതിന് പച്ചക്കൊടി വാങ്ങാൻ ഹൈക്കമാൻഡ് പ്രതിനിധികൾ എം.എൽ.എ.മാരുടെ യോഗം വിളിച്ചപ്പോഴാണ് 92 എം.എൽ.എ.മാർ ജയ്പൂരിൽ ഗഹ്‌ലോത്തിനായി രംഗത്തിറങ്ങിയത്. അതിനു ഒരുദിവസംമുമ്പ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിസ്ഥാനം ഒഴിയാമെന്നും ഗഹ്‌ലോത് സമ്മതിച്ചിരുന്നു.
ഗഹ്‌ലോതിലുള്ള നേൃത്വത്തിന്റെ വിശ്വാസത്തിന് ഇടിവുതട്ടിയതോടെ ദിഗ്വിജയ് സിങ് മത്സരിക്കുമെന്ന ഉറച്ച പ്രഖ്യാപനവുമായി രംഗത്തുവന്നു. അദ്ദേഹം ഒരു ഡമ്മി സ്ഥാനാർഥി മാത്രമായിരുന്നു എന്ന് വെള്ളിയാഴ്ച വ്യക്തമായി. നേതൃത്വത്തിന് കൂടുതൽ വിശ്വാസമുള്ള, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഖാർഗെയുടെ പേര് രാവിലെ പുറത്തുവന്നതോടെ ദിഗ്വിജയ് സിങ് സ്വയം പിന്മാറുകയായിരുന്നു. വ്യാഴാഴ്ച രാത്രി കെ.സി. വേണുഗോപാൽ ഖാർഗെയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
പ്രവർത്തക സമിതിയിലെ ഒരുകൂട്ടം നേതാക്കൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കും ഒപ്പം ജി-23 യെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന വിമത നേതാക്കളിലെ പ്രമുഖരും ഖാർഗെയുടെ പത്രികയിൽ ഒപ്പുവെച്ചത് ശ്രദ്ധേയമാണ്. ജി-23 യെന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നാണ് ദിഗ്വിജയ് സിങ് പ്രതികരിച്ചത്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ രാഹുലിനുമേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. എന്നാൽ ഇക്കുറി കുടുംബത്തിൽനിന്ന് ആരും മത്സരിക്കാനുണ്ടാവില്ലെന്ന് രാഹുൽ ഉറച്ച നിലപാടെടുത്തു. ഔദ്യോഗികമായി നേതൃസ്ഥാനം ഏറ്റെടുക്കാതെ പിന്നിൽനിന്ന് അധികാരകേന്ദ്രമായി പ്രവർത്തിക്കുന്നതിലുള്ള എതിർപ്പും പാർട്ടിയെ മുന്നിൽനിന്ന് നയിക്കാൻ ആരുമില്ലാത്തതിന്റെ അമർഷവുമാണ് ജി-23 യെന്ന കൂട്ടായ്മയിലൂടെ ഏതാനും മാസങ്ങൾക്കുമുമ്പ് പുറത്തുവന്നത്. അതിൽ പ്രമുഖനായിരുന്ന ഗുലാം നബി ആസാദ് കോൺഗ്രസ് വിടുകയും ചെയ്തു. ഇപ്പോൾ പാർട്ടിക്ക് പുതിയൊരു പ്രസിഡന്റ് വരുമ്പോൾ രണ്ട് അധികാരകേന്ദ്രങ്ങൾ വീണ്ടും ഉണ്ടാകുമെന്ന് ഉറപ്പ്. മുമ്പ് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ മറ്റൊരു അധികാരകേന്ദ്രമായി കോൺഗ്രസ് പ്രസിഡന്റ് മാറിയത് ഏറെ വിമർശിക്കപ്പെട്ടതാണ്.
Content Highlights: Congress president election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..