ഭാരതയാത്രയിൽനിന്ന് മാറിനിന്ന് ഖാർഗെ; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ നിഷ്പക്ഷത ചോദ്യംചെയ്ത് തരൂർ


Kharge and Tharoor

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ, നടപടിക്രമങ്ങളിലെ നിഷ്പക്ഷത ചർച്ചയാക്കി സ്ഥാനാർഥികളിലൊരാളായ ശശി തരൂർ. ഭാരത ജോഡോ യാത്ര സ്വന്തം സംസ്ഥാനമായ കർണാടകയിൽ പര്യടനം നടത്തുമ്പോൾ പങ്കെടുക്കാതെ മാറിനിന്ന് ‘നിഷ്പക്ഷത’ ഉറപ്പാക്കുകയാണ് മറു സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ.

തിരഞ്ഞെടുപ്പുകളത്തിൽ അസമമായ വശങ്ങൾ ഏറെയുണ്ടെന്നും ഖാർഗെയെ പിന്തുണയ്ക്കാൻ തങ്ങൾക്കുമേൽ സമ്മർദമുണ്ടെന്ന് പല നേതാക്കളും വെളിപ്പെടുത്തിയെന്നുമാണ് തരൂരിന്റെ പരസ്യപ്രതികരണം. ഗാന്ധികുടുംബത്തെ കുറ്റപ്പെടുത്താൻ തയ്യാറായില്ലെങ്കിലും ഗാന്ധികുടുംബവുമായി ബന്ധമുള്ള ചില എ.ഐ.സി.സി. നേതാക്കളെ ലക്ഷ്യംവെച്ചാണ് തരൂരിന്റെ പ്രതികരണമെന്ന് വ്യക്തം.

അതേസമയം, സ്വതന്ത്രവും നീതിപൂർവവുമായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്നും ഔദ്യോഗിക സ്ഥാനാർഥിയായി ആരും രംഗത്തില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദനൻ മിസ്ത്രി പ്രതികരിച്ചു.

ഭാരത ജോഡോ യാത്ര കേരളത്തിലായിരുന്നപ്പോൾ ശശി തരൂർ പങ്കെടുത്തിരുന്നു. അദ്ദേഹം നാമനിർദേശപത്രിക സമർപ്പിച്ച സമയമായിരുന്നില്ല ഇത്. കർണാടകയിൽ യാത്ര എത്തിയപ്പോഴേക്കും ഖാർഗെ സ്ഥാനാർഥിയായിക്കഴിഞ്ഞിരുന്നു. ഔദ്യോഗികസ്ഥാനാർഥി ആരുമില്ലെന്ന് സോണിയയും രാഹുലുംതന്നെ തരൂരിനോട് വ്യക്തമാക്കിയ സ്ഥിതിക്ക് സ്ഥാനാർഥിയായശേഷം യാത്രയിൽ പങ്കെടുത്താൽ അത് നിഷ്പക്ഷതയെക്കുറിച്ച് വീണ്ടും ചർച്ചയുയർത്തും എന്നതിനാലാണ് ഖാർഗെ പങ്കെടുക്കാതെ മാറിനിൽക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഒക്ടോബർ ആറിന് മാണ്ഡ്യയിൽ സോണിയാ ഗാന്ധി യാത്രയിൽ പങ്കെടുത്തപ്പോൾ ഖാർഗെ സംസ്ഥാനത്തുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. 16-ന് ബെല്ലാരിയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കില്ലെന്നാണറിയുന്നത്. 17-നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 19-ന് ഫലം പ്രഖ്യാപിക്കും. ആര് ജയിച്ചാലും 20-ന് യാത്രയിൽ പങ്കെടുക്കും.

Content Highlights: congress president election

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..