ശശി തരൂർ | Photo : ANI
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായെത്തുന്ന സ്ഥാനാർഥി ശശി തരൂരിനെ ‘ബഹിഷ്കരിച്ച്’ പി.സി.സി.കൾ. സന്ദർശിച്ച അരഡസനോളം സംസ്ഥാനങ്ങളിലും തരൂരിനെ സ്വീകരിക്കാൻ പി.സി.സി. അധ്യക്ഷന്മാരോ സംസ്ഥാനനേതാക്കളോ എത്തിയില്ല. ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ടെന്നു കരുതുന്ന മല്ലികാർജുൻ ഖാർഗെയെ സ്വീകരിക്കാനെത്തുന്നതാകട്ടെ അധ്യക്ഷന്മാരും മുതിർന്നനേതാക്കളുമടങ്ങുന്ന സംഘംതന്നെയാണ്.
വ്യാഴാഴ്ച ഡൽഹി പി.സി.സി. ആസ്ഥാനത്തെത്തിയ തരൂരിനെ സ്വീകരിക്കാനും അധ്യക്ഷൻ അനിൽചൗധരിയടക്കമുള്ളവർ ഉണ്ടായില്ല. ജി.-23 നേതാവ് സന്ദീപ് ദീക്ഷിത്, മുൻമന്ത്രി രമാകാന്ത് ഗോസ്വാമി തുടങ്ങിയ കുറച്ചുനേതാക്കൾമാത്രമാണ് തരൂരിനെ കാണാനെത്തിയത്. ഇക്കാര്യത്തിലുള്ള തന്റെ നീരസം തരൂർ മാധ്യമപ്രവർത്തകർക്കുമുമ്പിൽ മറച്ചുവെച്ചില്ല.
നേതൃത്വം മുഴുവൻ ഒരു സ്ഥാനാർഥിക്കൊപ്പമാണെന്ന സന്ദേശമാണ് ഇതു നൽകുന്നതെന്നും ഇതു ന്യായമാണോ മര്യാദയാണോയെന്നു പരിശോധിക്കണമെന്നും തരൂർ പറഞ്ഞു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഖാർഗെക്കുവേണ്ടി പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇത് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘ഖാർഗെയുടെ പ്രചാരണത്തിന് പി.സി.സി. അധ്യക്ഷന്മാരും നേതാക്കളും എത്തുന്നു. അദ്ദേഹമെത്തുന്ന കാര്യം വിളിച്ചുപറയുന്നു. അടുത്തിരിക്കാൻ മത്സരിക്കുന്നു. എന്നാൽ, എനിക്കൊപ്പം ആരുമില്ല. പി.സി.സി. അധ്യക്ഷന്മാർ വരുന്നില്ല. എങ്കിലും സാധാരണക്കാർ ഒപ്പമുണ്ട്.’’-തരൂർ പറഞ്ഞു. രാജ്യം മുഴുവൻ കറങ്ങുന്നതിനാൽ പരാതി നൽകാനായിട്ടില്ലെങ്കിലും അത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയർമാനായ ചെന്നിത്തല പ്രചാരണത്തിനിറങ്ങുന്നത് തിരഞ്ഞെടുപ്പുസമിതി പരിശോധിക്കണം. ഒരു സംസ്ഥാനത്തിന്റെ ചുമതലക്കാരന് സ്ഥാനാർഥിക്കൊപ്പം ഇറങ്ങിനടക്കാൻപറ്റില്ല. അങ്ങനെ ചെയ്യണമെങ്കിൽ രാജിവെക്കണം. ഇക്കാര്യത്തിൽ മധുസൂദനൻ മിസ്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്’’ -തരൂർ പറഞ്ഞു.
ആദ്യംതന്ന വോട്ടർമാരുടെ പട്ടികയിൽ ചിലരുടെ വിലാസവും ഫോൺനമ്പറും ഉണ്ടായിരുന്നില്ല. രണ്ടാം പട്ടികയിൽ ഫോൺനമ്പർ നൽകിയപ്പോൾ പേരുണ്ടായില്ല, വിലാസവും വ്യത്യസ്തമായിരുന്നു. ചില ഫോൺനമ്പറുകളിൽ വിളിച്ചിട്ടുകിട്ടുന്നില്ല. വാട്സാപ്പ് സന്ദേശവും അയക്കാൻ പറ്റുന്നില്ല. 22 വർഷമായി സംഘടനയിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലാത്തതിനാലുള്ള പ്രശ്നങ്ങളാണിതെന്ന് തരൂർ പറഞ്ഞു.
കുന്നപ്പിള്ളിയുടെ കാര്യത്തിൽഅഭിപ്രായം പറയുന്നില്ല
എൽദോസ് കുന്നപ്പിള്ളിയുമായി ബന്ധപ്പെട്ട കാര്യത്തിൽ കെ.പി.സി.സി. അധ്യക്ഷന്റെ നടപടിയെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് തരൂർ പറഞ്ഞു. പരാതിവന്നാൽ പരാതിക്കാരുടെ അഭിപ്രായം കേൾക്കുന്നതുപോലെത്തന്നെ പാർട്ടിക്കാർക്ക് പറയാനുള്ളതും കേൾക്കണം. അക്കാര്യത്തെക്കുറിച്ച് വലിയതോതിൽ ഒന്നും അറിയാത്തതിനാൽ അഭിപ്രായംപറയുന്നില്ല -തരൂർ പറഞ്ഞു.
Content Highlights: congress president election
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..