മല്ലികാർജുൻ ഖാർഗെ, ശശി തരൂർ| Photo: Mathrubhumi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷതിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തവിധേയന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലുള്ള പോരാട്ടത്തിൽ കരുതലോടെ കേന്ദ്രനേതൃത്വം. 2000-ൽ നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്കെതിരേ മത്സരിച്ച് ദയനീയമായി തോറ്റ ജിതേന്ദ്ര പ്രസാദയല്ല ശശി തരൂരെന്ന തിരിച്ചറിവിലാണ് ഖാർഗെ പക്ഷം. അതിനാൽ, ശക്തമായ പ്രചാരണത്തിലാണ് അവർ.
ഇപ്പോഴത്തെ നേതൃത്വത്തില്‍ അസംതൃപ്തിയുള്ളവരെയും യുവാക്കളെയും ഉന്നമിട്ട് തരൂരും വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഞായറാഴ്ച തരൂര്‍ മുംബൈയിലും ഖാര്‍ഗെ കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. തിങ്കളാഴ്ച തരൂര്‍ ചണ്ഡീഗഢിലും ഖാര്‍ഗെ പശ്ചിമബംഗാളിലുമെത്തും. കൂടുതല്‍ വോട്ടര്‍മാരുള്ള ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ചയാണ് ഇരുസ്ഥാനാര്‍ഥികളുടെയും പ്രചാരണം.
വോട്ടര്‍പട്ടികയിലെ ഒമ്പതിനായിരത്തിലധികം വരുന്ന വോട്ടര്‍മാരില്‍ മൂവായിരത്തോളം പേര്‍ക്ക് വിലാസമില്ലെന്നും ഇവരെ കണ്ടുപിടിക്കാനാവുന്നില്ലെന്നുമാണ് തരൂരിന്റെ പരാതി. ഇവരെ ‘കണ്ടെത്താന്‍’ കൂടിയാണ് തരൂരിന്റെ യാത്ര. എന്നാല്‍, വോട്ടര്‍മാരുടെ ഫോണ്‍നമ്പര്‍ സഹിതം പി.സി.സി.കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സ്ഥാനാര്‍ഥികള്‍ക്ക് അവ ശേഖരിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദനന് മിസ്ത്രി പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥിയോ?
ഔദ്യോഗിക സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ശശി തരൂരിനെ അറിയിച്ചിരുന്നു. എങ്കിലും അപ്രഖ്യാപിത ഔദ്യോഗികസ്ഥാനാര്ഥിയായാണ് ഖാർഗെയുടെ പ്രചാരണം. നാമനിര്‍ദേശ പത്രികാസമര്‍പ്പണം മുതല്‍ ആ സൂചനകള്‍ നേതൃത്വം നല്‍കിയിരുന്നു. അവ ഇങ്ങനെ:
സൂചന ഒന്ന് പത്രികാസമർപ്പണം
ഖാര്‍ഗെ: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് ഒഴിഞ്ഞതോടെ രാഹുലിന്റെ വിശ്വസ്തനായ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍തന്നെ ഖാര്‍ഗെയെ സന്ദര്‍ശിച്ച് പത്രിക സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. സോണിയാ ഗാന്ധിയോട് അടുപ്പമുള്ള എ.കെ. ആന്റണിയും അംബികാ സോണിയും പിന്തുണച്ച് ഒപ്പിടുകയുംചെയ്തു.
തരൂര്‍: പത്രികയില്‍ പിന്തുണച്ചൊപ്പിട്ടവരില് പ്രമുഖ നേതാക്കള്‍ ആരും ഇല്ല.
സൂചന രണ്ട് പത്രസമ്മേളനം
ഖാര്‍ഗെ: നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം ഖാര്‍ഗെയുടെ പത്രസമ്മേളനം എ.ഐ.സി.സി. ആസ്ഥാനത്ത്. അതും മറ്റു നേതാക്കള്‍ക്കൊപ്പം. ‘കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി ഞാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു’ എന്ന പത്രസമ്മേളനത്തിലെ ഖാര്‍ഗെയുടെ പരാമര്‍ശം നാക്കുപിഴയായി തള്ളാനാവില്ല.
തരൂര്‍: പത്രസമ്മേളനം സ്വവസതിയില്‍.
സൂചന മൂന്ന്: പ്രതിപക്ഷ നേതൃസ്ഥാനം
ഖാര്‍ഗെ: അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിനുപിന്നാലെ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷനേതൃപദവി ഒഴിഞ്ഞു. ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ള താന്‍ ജയിക്കുമെന്ന കടുത്ത ആത്മവിശ്വാസം ഖാര്‍ഗെയ്ക്കുണ്ടെന്ന് സ്പഷ്ടം. ‘ഒരാള്‍ക്ക് ഒരു പദവി’ എന്ന പാര്‍ട്ടി നയമാണ് രാജിക്കു കാരണമെന്നായിരുന്നു ഖാര്‍ഗെയുടെ വിശദീകരണം.
വിശ്വസ്തതയുടെ പര്യായം
ഗാന്ധി കുടുംബത്തോടുള്ള ഇഷ്ടംകാരണം അഞ്ചുമക്കളില്‍ മൂന്നുപേര്‍ക്കും ആ കുടുംബാംഗങ്ങളുടെ പേരിട്ടയാളാണ് ഖാര്‍ഗെ. രാഹുല്‍, പ്രിയങ്ക, പ്രിയദര്‍ശിനി എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.
തരൂര്‍ സഹോദരനെപ്പോലെ
അധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂരുമായി മത്സരിക്കുന്നത് രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും ഉന്നമനത്തിനായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കാനാണ്. ഇത് ആഭ്യന്തര തിരഞ്ഞെടുപ്പാണ്. വീട്ടിലെ രണ്ടു സഹോദരങ്ങളെപ്പോലെയാണ് ഞങ്ങൾ. അവര്‍ പരസ്പരം പോരടിക്കുന്നില്ല. അവരവരുടെ കാഴ്ചപ്പാടുകള്‍ സ്ഥാപിക്കാന്‍ പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണ്- മല്ലികാർജുൻ ഖാർഗെ, ശ്രീനഗറില്‍ പത്രസമ്മേളനത്തിൽ
കേരളത്തില്‍ ഒറ്റബൂത്ത്; വോട്ടുകള്‍ ഒരുമിച്ച് എണ്ണും
തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ സജ്ജീകരിക്കുന്നത് ഒരു ബൂത്ത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി വോട്ടിങ് കേന്ദ്രമൊരുക്കണമെന്ന നിര്‍ദേശം നേരത്തേയുണ്ടായിരുന്നു. അവസാനഘട്ടത്തില്‍ ഇതുമാറ്റി. തിരുവനന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനത്തുമാത്രമാണ് ബൂത്ത് ഒരുക്കുക. കേരളത്തില്‍നിന്ന് 310 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇവര്‍ ഇവിടെയെത്തി വോട്ടുചെയ്യണം.
രഹസ്യബാലറ്റ് രീതിയിലാണ് വോട്ടെടുപ്പ്. വോട്ടുകള്‍ നിക്ഷേപിച്ച പെട്ടി സീല്‍ചെയ്ത് 17, 18 തീയതികളിലായി ഡല്‍ഹിയിലെത്തിക്കും. ഇതിന്റെ ചുമതല ഓരോ സംസ്ഥാനത്തെയും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കാണ്. എല്ലാ സംസ്ഥാനത്തുനിന്നുമുള്ള പെട്ടിയിലെ വോട്ടുകള്‍ ഒരുമിച്ചുചേര്‍ത്താണ് എണ്ണുക. അതിനാല്‍, സംസ്ഥാനാടിസ്ഥാനത്തില്‍ വോട്ടുനില വ്യക്തമാകില്ല.
തിരഞ്ഞെടുപ്പുരീതി
• എല്ലാ വോട്ടര്‍മാര്‍ക്കും പ്രത്യേകം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ട്. പേര്, സീരിയല്‍ നമ്പര്‍ എന്നിവയുണ്ടാകും. ഫോട്ടോ ഇല്ല. ഓരോ സംസ്ഥാനത്തും റിട്ടേണിങ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുമുണ്ട്. ഇവര്‍ തിരഞ്ഞെടുപ്പുദിവസമായ 17-ന് പോളിങ് സ്റ്റേഷന് കേന്ദ്രീകരിച്ചുണ്ടാകും.
• പോളിങ് സ്റ്റേഷനില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഏജന്റുമാരെ നിയോഗിക്കാം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുവേണ്ടി സംസ്ഥാനത്തെ മുതിര്‍ന്നനേതാക്കള്‍ പരസ്യമായി രംഗത്തുണ്ട്. ഹൈബി ഈഡന്, മാത്യു കുഴല്നാടന്, ശബരീനാഥ് തുടങ്ങിയ യുവനിര ശശി തരൂരിനുവേണ്ടിയും പരസ്യനിലപാടെടുത്തു. ഇവരിലാരെങ്കിലും ഏജന്റുമാരായി പോളിങ് സ്റ്റേഷനിലുണ്ടാകുമോയെന്ന് വ്യക്തമല്ല.
Content Highlights: Congress president polls: Shashi Tharoor, Mallikarjun Kharge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..