രാഹുലിനെതിരായ ഇ.ഡി. നടപടി രാഷ്ട്രീയാവസരമാക്കി കോൺഗ്രസ്; പുത്തനുണർവായെന്ന് വിലയിരുത്തൽ


1 min read
Read later
Print
Share

രണ്ടാംദിവസം ഇ.ഡിക്കു മുൻപിൽ ഹാജരാകുന്നതിന് മുൻപ് രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർക്കൊപ്പം. പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, മല്ലാകാർജുൻ ഖാർഗെ തുടങ്ങിയവർ സമീപം. ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും എൻഫോഴ്സ്‍മെന്റ്‌ ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസയച്ചതിനെ രാഷ്ട്രീയമായി നേരിട്ട് കോൺഗ്രസ്.

ചോദ്യംചെയ്യലിനെ അവസരമായിക്കണ്ട പാർട്ടി രാജ്യവ്യാപകമായി കേന്ദ്രത്തിനെതിരേ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. ഭരണസിരാകേന്ദ്രമായ ഡൽഹിയിൽ കോൺഗ്രസിന്റെ രണ്ടുമുഖ്യമന്ത്രിമാരെയും എ.പി.മാരെയും അണിനിരത്തിയുള്ള ശക്തിപ്രകടനം പാർട്ടിക്ക് പുത്തനുണർവായെന്നാണ് വിലയിരുത്തൽ. പദയാത്രനടത്തിയും പ്രതിഷേധമുദ്രാവാക്യങ്ങൾ വിളിച്ചും മുന്നോട്ടുപോയവരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ പല നേതാക്കൾക്കും പരിക്കേറ്റു. എന്നിട്ടും രാഷ്ട്രീയാവേശത്തിന് കുറവുണ്ടായില്ല. ചോദ്യംചെയ്യലിന്റെ രണ്ടാംദിവസവും പ്രതിഷേധച്ചൂട് കനത്തു. ദേശീയമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ തത്സമയം നിറഞ്ഞു. പ്രവർത്തകരും ആവേശത്തിലായി.

വളരെ നാളുകൾക്കുശേഷമാണ് തലസ്ഥാനനഗരിയിൽ കോൺഗ്രസ് ഒരു അനക്കമുണ്ടാക്കുന്നത്. പ്രതിഷേധം തടയാൻ വൻതോതിൽ പോലീസിനെ ഇറക്കിയപ്പോൾ കേന്ദ്രത്തിനെതിരായ നേർപോരാട്ടം എന്നനിലയിലേക്ക് കാര്യങ്ങൾ മാറി. ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഡൽഹി പോലീസിനെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും പാർട്ടി കുറ്റപ്പെടുത്തുന്നു.

പോലീസ് ബാരിക്കേഡുകൾ മറികടന്ന് കായികമായി നേരിട്ടുകൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധം തലസ്ഥാനത്ത് പതിവില്ലാത്തതാണ്. അത് കേന്ദ്രത്തിന് നേരിട്ടുള്ള മുന്നറിയിപ്പുമായി. ഇത്രത്തോളം നാടകീയമായ പ്രതിഷേധപരമ്പര ബി.ജെ.പി.യും പ്രതീക്ഷിച്ചുകാണില്ല.

ആത്യന്തികമായി, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളും നിലപാടുകളും തുറന്നുകാണിക്കാനാണ് ലക്ഷ്യമിട്ടതെന്നും അതിൽ വിജയിച്ചെന്നും നേതാക്കൾ പറഞ്ഞു. ഡൽഹിയിൽ തുടങ്ങിവെച്ച കേന്ദ്രവിരുദ്ധപോരാട്ടത്തിന്റെ കനലണയാതെ സൂക്ഷിച്ചാൽ വരുംതിരഞ്ഞെടുപ്പുകളിലത്‌ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ആ ലക്ഷ്യത്തോടെ മുന്നേറാൻ പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും അവർ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്ന 23-നും സമാന പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പാർട്ടിക്ക് പദ്ധതിയുണ്ട്.

Content Highlights: congress to take ed action as an opportunity

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..