നിർമിതബുദ്ധി ഉപയോഗിച്ച് കലാസൃഷ്ടികളെ പകർത്തുന്നതിന് പിടിവീഴും, ഗ്ലേസ് സോഫ്റ്റ്‌വേറുമായി ഗവേഷകർ


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: gettyimages.in

ന്യൂഡൽഹി: നിർമിതബുദ്ധി (എ.ഐ.) ഉപയോഗിച്ച് കലാസൃഷ്ടികൾ പകർത്തുന്നത് തടയിടാനൊരുങ്ങി ഗവേഷകർ. ചിക്കാഗോ സർവകലാശാലയിലെ ഗവേഷകരാണ് നിർമിതബുദ്ധി ഉപയോഗിച്ചുള്ള ‘എ.ഐ. ആർട്ടു’കളിൽ യഥാർഥ കലാസൃഷ്ടികൾ ഉപയോഗിക്കുന്നത് തടയാൻ ‘ഗ്ലേസ്’ എന്ന സോഫ്റ്റ്‌വേർ വികസിപ്പിച്ചത്.

‘മിഡ്‌ജേർണി’ അടക്കം വിവിധ എ.ഐ. സോഫ്റ്റ്‌വേറുകളുപയോഗിച്ച് യാഥാർഥ്യത്തെ വെല്ലുന്ന കലാസൃഷ്ടികൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയിരുന്നു.

പഫർ ജാക്കറ്റ് ധരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെയും 2001-ൽ നടന്നതെന്ന് വിശദീകരിക്കുന്ന, സംഭവിക്കാത്ത സുനാമിയുടെയുംവരെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.

ഇത്തരം സാഹചര്യങ്ങൾ തടയാൻ ‘ഗ്ലേസ്’ സോഫ്റ്റ്്‌വേർ സഹായിക്കും. മാർച്ച് 15 മുതൽ വിൻഡോസ്, മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഗ്ലേസ് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

എന്താണ് ഗ്ലേസ്?

കലാസൃഷ്ടികളിൽ സൂക്ഷ്മമായ മാറ്റങ്ങൾ ഈ സോഫ്റ്റ്‌വേർ വരുത്തും. നിർമിതബുദ്ധിയെ ഇത് ആശയക്കുഴപ്പത്തിലാക്കും. വളരെ സൂക്ഷ്മമായ മാറ്റങ്ങളായതിനാൽ ഇത് മനുഷ്യർക്ക് മനസ്സിലാവില്ല. മാറ്റങ്ങൾവരുത്തി കലാസൃഷ്ടിയെ ഗ്ലേസ് സുരക്ഷിതമാക്കുന്നതോടെ എ.ഐ. ആർട്ട് ജനറേറ്ററുകൾക്ക് പകർത്താനാവില്ല.

എ.ഐ. ആർട്ട്

വിവിധ കാലഘട്ടങ്ങളിലെ കലാസൃഷ്ടികൾ, ശൈലികൾ എന്നിവയിൽനിന്നുള്ള വിവരങ്ങൾ ഒരുമിപ്പിച്ചാണ് നിർമിതബുദ്ധി പുതിയ കലാസൃഷ്ടികളുണ്ടാക്കുന്നത്. ഇവയിൽ പലതും നിലവിലുള്ള പല കലാകാരന്മാരുടെയും ചിത്രരചനാശൈലികളെയും മറ്റും സംയോജിപ്പിച്ചുമാവാം. ചിത്രത്തെക്കുറിച്ച് വിവരണം നൽകി അതിനനുസരിച്ചും നേരിട്ട് ചിത്രങ്ങൾ നൽകിയുമാണ് പൊതുവേ ഇത്തരം സോഫ്റ്റ്‌വേറുകളിൽ ചിത്രങ്ങളെ രൂപപ്പെടുത്തുക.

പകർപ്പവകാശലംഘനം

എ.ഐ. കലാസൃഷ്ടിക്ക് പകർപ്പവകാശലംഘനം കാണിച്ച് കേസ് കൊടുക്കാനാവില്ല. എന്നാൽ, ഇതിനുപയോഗിക്കപ്പെട്ട കലാസൃഷ്ടിക്ക് പകർപ്പവകാശ ലൈസൻസുണ്ടെങ്കിൽ പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി കേസ് കൊടുക്കാം. എ.ഐ. ചിത്രങ്ങൾക്കായി തങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ‘ഗെറ്റി ഇമേജസ്’ ജനുവരിയിൽ കേസ് കൊടുത്തിരുന്നു. നിർമിതബുദ്ധിവഴി സ്വന്തം കലാസൃഷ്ടികൾ മോഷ്ടിക്കപ്പെടാതിരിക്കാനായി ‘ക്രിയേറ്റീവ് കോമൺ ലൈസൻസി’ന് അപേക്ഷിക്കാം. പകർപ്പവകാശലംഘനമാണുണ്ടായതെന്ന് തെളിയിക്കാൻ ഈ ലൈസൻസ് സഹായിക്കും.

ചാറ്റ് ജി.പി.ടി. വിപ്ളവം കോടതിയിലും; ജാമ്യഹർജി തീർപ്പാക്കാൻ സഹായം

ചണ്ഡീഗഢ്‌: ജാമ്യഹർജിയിൽ തീർപ്പുകൽപ്പിക്കാൻ നിർമിതി അടിസ്ഥാനമാക്കിയുള്ള ചാറ്റ് ജിപിടിയുടെ സഹായംതേടി കോടതി. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയാണ് സമാനഹർജികളിൽ ലോകത്തെ മറ്റു നീതിപീഠങ്ങൾ എങ്ങനെ പ്രതികരിച്ചെന്നറിയാൻ ചാറ്റ് ജി.പി.ടി.യുടെ അതിവേഗ തിരച്ചിൽസേവനം പ്രയോജനപ്പെടുത്തിയത്. രാജ്യത്തെ കോടതികളിൽ ഇത്തരമൊരു നടപടി ആദ്യമാകുമെന്നാണ് വിലയിരുത്തൽ.

അതിക്രൂരമായ ഒരു കൊലപാതകക്കേസിലെ ജാമ്യഹർജിയാണ് ജസ്റ്റിസ് അനൂപ് ചിക്താര പരിഗണിച്ചത്. ഇത്തരമൊരു കേസിൽ ബാധകമാകുന്ന ജാമ്യ നിയമങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ ചിത്രം ലഭിക്കാനാണ് ഏതു സങ്കീർണപ്രശ്നത്തിനും ഉത്തരം നൽകുന്ന ചാറ്റ് ജി.പി.ടി.യുടെ സേവനം തേടിയത്.

ക്രൂരത നിറഞ്ഞ, സങ്കീർണമായ കേസായതിനാൽ ലോകമെമ്പാടുമുള്ള കാഴ്ചപ്പാട് വിശദമായി വിലയിരുത്തുന്നത് നന്നായിരിക്കും. അതുകൊണ്ടാണ് ചാറ്റ് ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തിയതെന്ന് ജസ്റ്റിസ് ചിക്താര തന്റെ ഉത്തരവിൽ പറയുന്നു. തുടർനടപടിയെയോ അന്തിമവിധിയെയോ ചാറ്റ് ജി.പി.ടി.യുടെ നിരീക്ഷണങ്ങളും വിശകലനങ്ങളും സ്വാധീനിക്കില്ലെന്നും വ്യക്തമാക്കി. താനുന്നയിച്ച ചോദ്യത്തിന് ചാറ്റ് ജി.പി.ടി. നൽകിയ ഉത്തരത്തിന്റെ പ്രസക്തഭാഗങ്ങൾ ജഡ്ജി വിധ്യന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മരണംതന്നെ ക്രൂരതയാണ്, ക്രൂരത മരണത്തിന് ഇടയാക്കിയെങ്കിൽ അത് ഗുരുതരമാണ്’ -പ്രതിയുടെ ജാമ്യഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.സുപ്രീംകോടതിയിലെ നടപടികൾ തത്സമയം കാണിക്കാനായി ഈയിടെ നിർമിതബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു.

Content Highlights: Control over reproduction of works of art using artificial intelligence

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..