വിവാദ വൈദ്യുതിബിൽ ലോക്‌സഭയിൽ; വൻപ്രതിഷേധം


*സബ്‌സിഡിയും സൗജന്യ വൈദ്യുതിവിതരണവും തുടരുമെന്ന് കേന്ദ്രം *സ്റ്റാൻഡിങ് കമ്മിറ്റിക്ക്‌ വിട്ടു

Photo: PTI

ന്യൂഡല്‍ഹി : പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടയിൽ വൈദ്യുതി നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. വൈദ്യുതിവിതരണമേഖലയിൽ വിപുലമായ സ്വകാര്യവത്കരണത്തിന് വ്യവസ്ഥചെയ്യുന്ന ബില്ലാണിത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ പരിശോധനകൾക്കായി ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു.

കർഷകസംഘടനകളും ഊർജരംഗത്തെ തൊഴിലാളിസംഘടനകളും രാജ്യവ്യാപകമായി സമരരംഗത്തിറങ്ങിയതിനിടയിലാണ് സർക്കാർ വൈദ്യുതിബില്ലുമായി സഭയിലെത്തിയത്. കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങാണ് അവതരിപ്പിച്ചത്. ബിൽ ജനങ്ങൾക്കുവേണ്ടിയാണെന്നും സബ്‌സിഡിയും കർഷകർക്കുള്ള സൗജന്യ വൈദ്യുതിവിതരണവും തുടരുമെന്നും മന്ത്രി ന്യായീകരിച്ചു. എന്നാൽ, ബിൽ കൂടുതൽ പരിശോധനയ്ക്കായി പാർലമെന്റിന്റെ സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണമെന്ന് അദ്ദേഹംതന്നെ സ്പീക്കറോട് അഭ്യർഥിച്ചു. ഇതേത്തുടർന്ന് ബിൽ ഊർജമന്ത്രാലയത്തിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു.

ബിൽ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാർഡുകളുയർത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. വ്യവസ്ഥകൾ ജനവിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെമേലുള്ള കൈകടത്തലാണെന്നും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. ഫെഡറൽ ഘടനയ്ക്ക് ബിൽ വ്യവസ്ഥകൾ പൂർണമായും എതിരാണെന്ന് ബിൽ അവതരണത്തെ എതിർത്ത് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. കർഷകസംഘടനകളുമായി വ്യവസ്ഥകളെക്കുറിച്ച് ചർച്ചചെയ്യാമെന്ന് ഡിസംബറിൽ സർക്കാർ രേഖാമൂലം ഉറപ്പുനൽകിയിരുന്നുവെങ്കിലും ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ബില്ലിൽ സംസ്ഥാനങ്ങൾക്ക് കടുത്ത എതിർപ്പാണെന്ന് എ.എം. ആരിഫ് പറഞ്ഞു. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാമെന്നും അവിടെ ചർച്ചയാകാമെന്നും ബി.ജെ.ഡി. അംഗം പിനാകി മിശ്ര സർക്കാർ നിലപാടിനെ പിന്തുണച്ചുകൊണ്ട്‌ പറഞ്ഞു.

ജനക്ഷേമം ലക്ഷ്യമാക്കിയാണ് ബിൽ കൊണ്ടുവരുന്നതെന്ന് മന്ത്രി സിങ് വാദിച്ചു. കർഷകരെ ദോഷകരമായി ബാധിക്കുന്ന ഒരു വ്യവസ്ഥയും ബില്ലിൽ ഇല്ലെന്നും പറഞ്ഞു. ബഹളത്തിനിടെ ബിൽ അവതരണത്തിന് ശബ്ദവോട്ടോടെ സഭ അനുമതി നൽകി. മന്ത്രി ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. ടി.എൻ. പ്രതാപനും എ.എം. ആരിഫും കടലാസുകൾ കീറിയെറിഞ്ഞാണ് ഇറങ്ങിപ്പോയത്.

Content Highlights: Controversial Electricity Amendment Bill Massive protest in Lok Sabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..