പനീർസെൽവവും പളനിസ്വാമിയും | ഫോട്ടോ: പി.ടി.ഐ
ചെന്നൈ: പലതവണ മാറ്റിയെഴുതിയ തിരക്കഥയ്ക്കൊടുവിൽ ചേർന്ന എ.ഐ.എ.ഡി.എം.കെ. ജനറൽ കൗൺസിൽ യോഗത്തിൽനിന്ന് പാർട്ടി കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം ഇറങ്ങിപ്പോയി. ഇരട്ട നേതൃത്വത്തിനുപകരം ഒറ്റ നേതൃത്വം തിരിച്ചുകൊണ്ടുവരുന്നതിന് ജൂലായ് 11-ന് ജനറൽ കൗൺസിൽ വീണ്ടും ചേരാൻ തീരുമാനിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. ഇതേസമയം ഒറ്റ നേതൃത്വമെന്ന വാദം മുൻനിർത്തി സഹ കോ-ഓർഡിനേറ്റർ എടപ്പാടി പളനിസ്വാമിയെ (ഇ.പി.എസ്.) ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിക്കുന്ന എതിർപക്ഷം പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെ.യുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിൽ 2600-ൽപരം അംഗങ്ങളുണ്ട്. ഇതിൽ 2,100-ൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതിനാൽ വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ തന്നെ ഇ.പി.എസിനെ ജനറൽ സെക്രട്ടറിയാക്കാനായിരുന്നു നീക്കം. പക്ഷേ, മുൻനിശ്ചയിച്ച 23 പ്രമേയങ്ങളിൽ ഒഴികെ മറ്റൊരു വിഷയങ്ങളിലും തീരുമാനമെടുക്കാൻ പാടില്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് യോഗ നടപടികൾ അടിമുടി മാറ്റുകയായിരുന്നു.
താത്കാലിക പ്രസീഡിയം ചെയർമാനായിരുന്ന തമിഴ് മകൻ ഹുസൈനെ സ്ഥിരം ചെയർമാനായി യോഗം തിരഞ്ഞെടുത്തു. നേരത്തെ അവതരിപ്പിക്കാൻ നിശ്ചയിച്ച മുഴുവൻ പ്രമേയങ്ങളും തള്ളി. പകരം ഒറ്റ നേതൃത്വത്തെക്കുറിച്ച് തീരുമാനിക്കാൻ വീണ്ടും ജനറൽ കൗൺസിൽ ചേരണമെന്ന ആവശ്യം മുൻമന്ത്രി സി.വി.ഷൺമുഖം ഉന്നയിക്കുകയും യോഗം അംഗീകരിക്കുകയുമായിരുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന 2,190 ജനറൽ കൗൺസിൽ അംഗങ്ങൾ ഒപ്പിട്ട കത്തും ഷൺമുഖം സമർപ്പിച്ചു. ഇതിൽ എതിർപ്പ് അറിയിച്ച പനീർശെൽവവും (ഒ.പി.എസ്.) കൂട്ടരും ഇറങ്ങിപ്പോകുകയായിരുന്നു.
ഇറങ്ങിപ്പോയ ഒ.പി.എസിനുനേരെ കുപ്പിയേറുണ്ടായി. വാഹനത്തിന്റെ ടയർ പഞ്ചറാക്കുകയുംചെയ്തു. കോടതി ഉത്തരവിനെതിരായാണ് വീണ്ടും ജനറൽ കൗൺസിൽ ചേരാൻ തീരുമാനിച്ചതെന്നും ഇതിനെതിരേ നിയമപോരാട്ടം നടത്തുമെന്നും ഒ.പി.എസ്. പക്ഷം നേതാവ് ആർ. വൈദ്യലിംഗം പറഞ്ഞു. അടുത്ത ജനറൽ കൗൺസിലിൽ ഇ.പി.എസ്. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാവ് കെ.പി. മുനുസാമി അവകാശപ്പെട്ടു.
പിളർപ്പിലേക്ക് നീങ്ങുന്ന സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി. ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ദേശീയ ജനറൽസെക്രട്ടറി സി.ടി. രവിയും ഇരുപക്ഷവുമായി ചർച്ച നടത്തി. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിച്ചാണ് ഇരുനേതാക്കളെയും കണ്ടതെന്നാണ് ഒൗദ്യോഗികവിശദീകരണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..