ഇനി ഗവർണർ ആനന്ദബോസ്; രസഗുള സമ്മാനിച്ച് മമത


പശ്ചിമബംഗാൾ ഗവർണറായി ചുമതലയേറ്റ സിവി ആനന്ദ ബോസിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമബംഗാളിന്റെ പുതിയ ഗവർണറായി മലയാളി സി.വി. ആനന്ദബാസ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാവിലെ 11-നു നടന്ന ചടങ്ങിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

രാവിലെതന്നെ പുതിയ ഗവർണർക്ക് മുഖ്യമന്ത്രി മമതാ ബാനർജി മധുരപലഹാരമായ രസഗുള എത്തിച്ച് സ്നേഹംപ്രകടിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ മമതയും മന്ത്രിസഭാംഗങ്ങളും സജീവമായിപങ്കെടുക്കുകയുംചെയ്തു. സത്യവാചകംചൊല്ലുമ്പോൾ ജനങ്ങളെ സേവിക്കുക എന്ന ഭാഗമെത്തിയപോൾ ‘ദ പീപ്പിൾ’ എന്ന വാക്കിന് ആനന്ദബോസ് പ്രത്യേക ഊന്നൽ നൽകിയത് ശ്രദ്ധേയമായി. തന്റെ മുൻഗണനാ ക്രമത്തെപ്പറ്റി കൃത്യമായസന്ദേശം നൽകുന്ന രീതിയിലായിരുന്നു ഇത്.ഗവർണർ പദവി സേവനത്തിനുള്ള അവസരമായാണ് കാണുന്നതെന്നും സഹകരണത്തിന്റെ പാതയിലൂടെയുള്ള ഭരണനിർവഹണമാണ് ലക്ഷ്യമിടുന്നതെന്നും ആനന്ദബോസ് പറഞ്ഞു.

2010 മുതൽ 2014 വരെ ബംഗാൾ ഗവർണറായിരുന്ന എം.കെ. നാരായണനുശേഷം ഈപദവി യിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്. 1977 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം വിരമിക്കുന്നതിനു മുൻപ് 2011-ൽ കൊൽക്കത്തയിലെ നാഷണൽ മ്യൂസിയം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ബോസിന്റെ ഭാര്യ ലക്ഷ്മി, മുൻ പശ്ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി, ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ്, കേരളത്തിൽനിന്നുള്ള ബി.ജെ.പി. നേതാക്കളായ അൽഫോൻസ് കണ്ണന്താനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിലുണ്ടായിരുന്നു.

മമതയോട് പിണങ്ങി പ്രതിപക്ഷനേതാവ് എത്തിയില്ല

bbഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി ചടങ്ങിനെത്താഞ്ഞത് വിവാദമായി. ബി.ജെ.പി. ടിക്കറ്റിൽ ജയിച്ചശേഷം തൃണമൂലിലേക്ക് കൂറുമാറിയ രണ്ട് എം.എൽ.എ.മാരുടെ സമീപമാണ് കാബിനറ്റ് റാങ്കുള്ള തന്റെ ഇരിപ്പിടം ക്രമീകരിച്ചതെന്നും ഇതിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുന്നുവെന്നും ശുഭേന്ദു ട്വീറ്റ് ചെയ്തു. മമത മനഃപൂർവം ഇങ്ങനെ ചെയ്യിച്ചതാണെന്നും ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ വ്യക്തിത്വമാണ് അവരെന്നും ബി.ജെ.പി. നേതാവായ ശുഭേന്ദു കുറ്റപ്പെടുത്തി. ചടങ്ങിനുശേഷം ഉച്ചയോടെ ഗവർണറുടെ പ്രത്യേക ക്ഷണപ്രകാരം രാജ്ഭവനിലെത്തി ശുഭേന്ദു ആശംസയറിയിച്ച് മടങ്ങി.

Content Highlights: CV Ananda Bose takes oath as West Bengal governor

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..