‘ഡീക്കിൻ’: ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാലാ കാമ്പസ്


ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനം തുടങ്ങും

Deakin University Burwood Campus | Photo: Donaldytong, Wikimedia Commons

അഹമ്മദാബാദ്: ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയുടെ കാമ്പസ് ഗുജറാത്തിലെ ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിക്കും. രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാമ്പസ് ആയിരിക്കും ഇതെന്നും അനുമതി നൽകിയതായും സിറ്റിയുടെ ചുമതലയുള്ള ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

വിദേശ സർവകലാശാലകളുടെ കാമ്പസുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകുമെന്ന് 2022-ലെ കേന്ദ്രബജറ്റിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് എട്ട്, ഒൻപത് തീയതികളിൽ ഗുജറാത്ത് സന്ദർശിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് കാമ്പസ് തുറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് ഗിഫ്റ്റ് സിറ്റി ചെയർപേഴ്‌സൺ ഇൻജതി ശ്രീനിവാസ് അറിയിച്ചു.

ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്ററിന്റെ നിയന്ത്രണച്ചട്ടങ്ങൾ അനുസരിച്ചാകും സർവകലാശാലയുടെ പ്രവർത്തനം. ആഗോള ക്യു.എസ്. റാങ്കിങ് പട്ടികയിൽ 266-ാമതാണ് ഡീക്കിൻ. പുതുതലമുറ സർവകലാശാലകളിൽ 50-ാം സ്ഥാനത്തുണ്ട്. ഇപ്പോൾ ഓസ്‌ട്രേലിയയിൽ നാല് കാമ്പസുകൾ ഈ സർവകലാശാലയ്ക്കുണ്ട്. ഇവിടെ ധാരാളം ഇന്ത്യൻവിദ്യാർഥികൾ പഠിക്കുന്നുമുണ്ട്.

‘‘വിദേശത്തെ അതേ കോഴ്‌സുകൾ കുറഞ്ഞ ചെലവിൽ ഇവിടെ പഠിപ്പിക്കും. ഓസ്‌ട്രേലിയയിൽ നിന്നും യു.കെ.യിൽനിന്നുമുള്ള ഓരോ സർവകലാശാലകളുമായും ചർച്ചകൾ നടക്കുന്നുണ്ട്.’’ -ശ്രീനിവാസ് പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വൊലൻഗോങ് സർവകലാശാലയുടെ കാമ്പസ് ഈ വർഷം അവസാനത്തോടെ ഗിഫ്റ്റ് സിറ്റിയിൽ ആരംഭിക്കുമെന്ന് ഓസ്‌ട്രേലിയൻ വിദ്യാഭ്യാസമന്ത്രി ജാസൻ ക്ളേർ കഴിഞ്ഞദിവസം ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു. ഫിനാൻസ്, സയൻസ്, എൻജിനിയറിങ്, ഗണിതം എന്നിവയിലെ കോഴ്‌സുകളാണ് ഉണ്ടാവുക.

Content Highlights: Deakin University Of Australia To Set Up Campus In Gujarat

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..