Photo: PTI
ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച അഞ്ചെണ്ണം ഉള്‍പ്പെടെ 12 അതിവേഗ ഗാര്‍ഡ് ബോട്ടുകള്‍ ഇന്ത്യ വിയറ്റ്നാമിന് കൈമാറി. തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ സൈനിക സാന്നിധ്യവും കൈയേറ്റവും കൂടുന്ന പശ്ചാത്തലത്തിലാണ് സമുദ്രസുരക്ഷയ്ക്ക് വിയറ്റ്നാമിന് ഇന്ത്യയുടെ പിന്തുണ. വിയറ്റ്നാമിലെ ഹോങ് ഹാ കപ്പല്‍നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബോട്ടുകള്‍ കൈമാറി. വിയറ്റ്നാമിനനുവദിച്ച 770 കോടി രൂപയുടെ പ്രതിരോധ വായ്പാകരാറിന്റെ ഭാഗമായാണ് ഇവ നിര്‍മിച്ചത്.
അഞ്ച് ബോട്ടുകള്‍ നിര്‍മിച്ചത് ഇന്ത്യയുടെ എല്‍. ആന്‍ഡ് ടി. കപ്പല്‍നിര്‍മാണശാലയാണ്. ബാക്കി ഏഴെണ്ണം വിയറ്റ്നാമിലെ ഹോങ് ഹാ കപ്പല്‍ശാലയാണ് നിര്‍മിച്ചത്. ലോകത്തിനുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ഇതിനെ രാജ്നാഥ് സിങ് വിശേഷിപ്പിച്ചു.
വിയറ്റ്നാം പ്രതിരോധമന്ത്രി ജനറല്‍ ഫാന്‍ വാന്‍ ഗിയാങ്ങുമായി ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും പ്രതിരോധമേഖലയ്ക്കായി 2030-ലേക്കുള്ള സംയുക്ത ദര്‍ശനരേഖയും ലോജിസ്റ്റിക്സ് പരസ്പരസഹായ ധാരണാപത്രവും ഒപ്പുവെച്ചിരുന്നു. ആദ്യമായാണ് വിയറ്റ്നാം ഒരു രാജ്യവുമായി ലോജിസ്റ്റിക്സ് സഹകരണത്തിലേര്‍പ്പെടുന്നത്. ത്രിദിന സന്ദര്‍ശനത്തിനായി ഏഴിന് വിയറ്റ്നാമിലെത്തിയ രാജ്നാഥ് സിങ് വ്യാഴാഴ്ച ഇന്ത്യയിലേക്ക് മടങ്ങുംമുമ്പ് വിയറ്റ്നാം പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും സന്ദര്‍ശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..