നരേന്ദ്ര മോദി | ഫോട്ടോ: എഎൻഐ
ന്യൂഡൽഹി: സമൂഹത്തിലെ ഇടത്തരക്കാരുമായി ബന്ധം സ്ഥാപിക്കാനും സർക്കാരിന്റെ വിവിധപദ്ധതികൾ സംബന്ധിച്ച് അവരോട് വിശദീകരിക്കാനും കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിളിച്ചുചേർത്ത സമ്പൂർണ മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ് മോദി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കേന്ദ്രസർക്കാരിന്റെ മിക്ക ക്ഷേമപദ്ധതികളും പാവപ്പെട്ടവരെയും പാർശ്വവത്‌കരിക്കപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, അതോടൊപ്പം ചില പദ്ധതികൾ ഇടത്തരക്കാർക്കുവേണ്ടി നടപ്പാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇടത്തരക്കാരോട് വിശദീകരിക്കണം. പദ്ധതികൾ സംബന്ധിച്ച് കൃത്യമായ കണക്കുകളും വിവരങ്ങളും ശേഖരിച്ച ശേഷമായിരിക്കണം ജനങ്ങളോട് സംസാരിക്കേണ്ടതെന്നും മോദി പറഞ്ഞു.
രാജ്യം എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ബ്രിട്ടീഷ് ഭരണകാലം മുതൽ നിലനിൽക്കുന്ന ചില നിയമങ്ങളും കാര്യങ്ങളും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി മോദി സർക്കാർ നടപ്പാക്കിയ സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിശദമായ രേഖ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ യോഗത്തിൽ അവതരിപ്പിച്ചു.ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ രേഖയിൽ വിശദീകരിച്ചു. മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളെക്കുറിച്ചുള്ളരേഖ കേന്ദ്ര വ്യവസായ പ്രോത്സാഹന വകുപ്പ് സെക്രട്ടറി അനുരാഗ് ജെയിൻ അവതരിപ്പിച്ചു. പൂർത്തിയാക്കിയ പദ്ധതികൾ, നിർമാണം നടന്നു കൊണ്ടിരിക്കുന്ന പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ രേഖയിൽ വിശദീകരിച്ചു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് കേന്ദ്ര വാർത്താ വിതരണ വകുപ്പ് സെക്രട്ടറി അപൂർവചന്ദ്ര യോഗത്തിൽ വിശദീകരിച്ചു.
Content Highlights: development projects to reach the middle class-modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..