`ഡോക്ടർമാർക്കായി ഡോളോ ചെലവിട്ടത് 1000 കോടി രൂപ'; മെഡിക്കൽ റെപ്പ് സംഘടന സുപ്രീംകോടതിയിൽ


പ്രതീകാത്മക ചിത്രം | Photo: AFP PHOTO / FRANCK FIFE

ന്യൂഡൽഹി: ഡോളോ-650 ഗുളിക ശുപാർശചെയ്യാനായി നിർമാതാക്കൾ ഡോക്ടർമാർക്ക് ആയിരംകോടി രൂപയുടെ സമ്മാനങ്ങളും സൗജന്യങ്ങളും നൽകിയെന്ന് മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ സംഘടന സുപ്രീംകോടതിയിൽ.

ഇത് ഗൗരവമുള്ള വിഷയമാണെന്നും കോവിഡ് ബാധിച്ചപ്പോൾ തനിക്കും ഡോക്ടർമാർ ഇതേഗുളിക നിർദേശിച്ചിരുന്നുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തുടർന്ന് ഇക്കാര്യത്തിൽ പത്തുദിവസത്തിനകം മറുപടിനൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഗുളികകളിൽ 500 മില്ലിഗ്രാം വരെയുള്ളവയുടെ വിപണിവില നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ സംവിധാനം വഴിയാണ്. എന്നാൽ, 500 ഗ്രാമിന് മുകളിലുള്ളവയുടെ വില നിർമാതാക്കൾക്ക് നിശ്ചയിക്കാം. ഇതാണ് ഡോളോ-650 ശുപാർശചയ്യാൻ കമ്പനി ഡോക്ടർമാരെ പ്രേരിപ്പിച്ചതെന്ന് മെഡിക്കൽ റെപ് സംഘടന ചൂണ്ടിക്കാട്ടി.

തങ്ങളുടെ മരുന്നുകൾ നിർദേശിക്കുന്നതിന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങൾ നൽകുന്നതിനെതിരേ ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേന്റീവ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പൊതുതാത്പര്യഹർജിയാണ് കോടതി പരിഗണിക്കുന്നത്. കോവിഡ്കാലത്ത് റെംദേസിവിൽ എന്ന മരുന്നിന്റെ അമിതവിൽപ്പന നടന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഡോക്ടർമാർക്ക് സമ്മാനങ്ങളും മറ്റു സൗജന്യങ്ങളും നൽകുന്നത് തടയാൻ നിലവിൽ നിയമമില്ലെന്ന് അഡ്വ. അപർണ ഭട്ട് വഴി സമർപ്പിച്ച പരാതിയിൽ പറഞ്ഞു. മരുന്നുകളുടെ വിപണന നടപടികൾക്ക് ഇന്ത്യയിൽ നിയന്ത്രണമില്ല. ഡോക്ടർമാർ യുക്തിരഹിതമായും അമിതമായും നിർദേശിക്കുന്ന വലിയ ബ്രാൻഡുകളുടെ മരുന്നുകൾ ഉപയോക്താക്കൾക്ക് വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Content Highlights: 'Dolo tablet makers doled out Rs 1,000 crore in freebies to doctors,' SC told

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..