രാഹുൽ ഗാന്ധി| Photo: ANI
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞ മൂന്നുദിവസമായി രാഹുല്‍ഗാന്ധിയോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) തേടിയത് ഇരുപതോളം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം.
യങ് ഇന്ത്യന്‍ കമ്പനിയുടെ സംയോജനം, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് (എ.ജെ.എല്‍.) കോണ്‍ഗ്രസ് നല്‍കിയ വായ്പ, മാധ്യമസ്ഥാപനത്തിനുള്ളിലെ ഫണ്ട് കൈമാറ്റം എന്നിവയെക്കുറിച്ചാണ് ചോദ്യങ്ങൾ. ഇ.ഡി.യിലെ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍. കമ്പനിയിലെ പ്രധാന ഓഹരി ഉടമയായതിനാല്‍ രാഹുലിന്റെ മൊഴി കേസില്‍ പ്രധാനമാണ്.
മൂന്നുദിവസമായി പ്രതിദിനം 10 മണിക്കൂറിലേറെ നീളുന്ന ചോദ്യംചെയ്യലില്‍ ഏറെ ആലോചിച്ചും മുന്‍കൂട്ടി തയ്യാറാക്കിയ മട്ടിലുമാണ് ഓരോ ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നതെന്നാണ് ഇ.ഡി. കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. മറുപടി പറയാന്‍ ഏറെ സമയമെടുക്കുന്നുണ്ട്. പല ഉത്തരങ്ങളും ആവര്‍ത്തിക്കുന്നു. ഇതാണ് ചോദ്യംചെയ്യല്‍ നീളാന്‍ കാരണമെന്ന് ഇ.ഡി. കേന്ദ്രങ്ങള്‍ പറയുന്നു.
2011 ഫെബ്രുവരിയില്‍ കൊല്‍ക്കത്ത ആസ്ഥാനമായ ഒരു കമ്പനിയില്‍നിന്ന് യങ് ഇന്ത്യ എടുത്ത ഒരു കോടി രൂപയുടെ വായ്പയെക്കുറിച്ചുള്ള ചോദ്യങ്ങളോട് രാഹുല്‍ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ നല്‍കിയ സൂചന. അതിനുശേഷം കമ്പനിയുടെ ഓഹരി ഉടമസ്ഥതയില്‍ വന്ന മാറ്റങ്ങള്‍, പിന്തുടരുന്ന നടപടിക്രമങ്ങള്‍, സ്ഥാപനത്തില്‍ ജോലിചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നൽകിയ ശമ്പളം, വി.ആര്‍.എസ്. എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ ഡയറക്ടറായ ‘യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി’ കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിള്‍ ആക്ട്) അനുസരിച്ച് രൂപം നല്‍കിയതാണെന്നും ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കേണ്ടതില്ലെന്നുമുള്ള വാദത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സൂചനയുണ്ട്. യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്ക് നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരികളും വകമാറ്റിയെന്നും ഇതുവഴി ഗാന്ധികുടുംബത്തിന് 414 കോടി രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടായെന്നുമുള്ള വാദത്തെക്കുറിച്ച്, ചാരിറ്റബിള്‍ നിയമം അനുസരിച്ചാണ് കൈമാറ്റം നടന്നതെന്നാണ് രാഹുല്‍ ആവര്‍ത്തിച്ചത്. ഇതു തെളിയിക്കുന്ന രേഖകളും അദ്ദേഹം ഹാജരാക്കി.
അതേസമയം, ഇ.ഡി. മനപ്പൂര്‍വം ചോദ്യചെയ്യല്‍ നീട്ടുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
Content Highlights: ed asked about 20 questions to rahul gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..