തിര. കമ്മിഷണർ നിയമനം: ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി


സുപ്രീം കോടതി| Photo: ANI

ന്യൂഡൽഹി: അരുൺ ഗോയലിനെ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ വ്യാഴാഴ്ച ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി.

തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കുള്ള നിയമനങ്ങൾ സ്റ്റേചെയ്യണമെന്ന അപേക്ഷ സുപ്രീംകോടതിയിൽ നിൽക്കെ, തിരക്കിട്ടുള്ള നിയമനത്തിൽ ഭരണഘടനാ ബെഞ്ച് അതൃപ്തിയറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതിനുള്ള പേരുകൾ ശുപാർശചെയ്യാൻ സ്വതന്ത്രമായ സമിതിയുണ്ടാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജികളാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് കേൾക്കുന്നത്. ഇതിനിടെ, അരുൺ ഗോയലിനെ നിയമിച്ചകാര്യം ഹർജിക്കാർക്കുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുകയായിരുന്നു.1985 ബാച്ച് പഞ്ചാബ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഗോയൽ അടുത്തമാസം 31-നാണ് വിരമിക്കേണ്ടിയിരുന്നത്. എന്നാൽ, ഈമാസം 18-ന് സ്വമേധയാ വിരമിച്ച അദ്ദേഹത്തിന് 21-നാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമനം ലഭിച്ചത്. വിരമിച്ചവരേയാണ് സാധാരണ തിരഞ്ഞെടുപ്പ് കമ്മിഷണർമാരാക്കാറുള്ളതെന്നും ഗോയൽ സിറ്റിങ് സെക്രട്ടറിയായിരുന്നെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച സ്വമേധയാ വിരമിച്ച അദ്ദേഹത്തിന് അടുത്തദിവസങ്ങളിൽതന്നെ നിയമനം ലഭിക്കുകയായിരുന്നെന്നും ഭൂഷൺ ചൂണ്ടിക്കാട്ടി.

എന്തു നടപടിക്രമങ്ങളാണ് ഇതിൽ പിന്തുടർന്നതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് കേന്ദ്രത്തോട് ചോദിച്ചു. സാധാരണഗതിയിൽ സ്വയം വിരമിക്കലിന് മൂന്നുമാസത്തെ നോട്ടീസ് നൽകേണ്ടതല്ലേയെന്നും അതുകൊണ്ടാണ് രേഖകൾ ഹാജരാക്കാൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിശാലമായ വിഷയമാണ് ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നതെന്നും ഗോയലിന്റെ നിയമനം അതുമായി ബന്ധപ്പെടുത്തരുതെന്നും കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി വാദിച്ചു. ‘‘നിങ്ങളാണ് ശരിയെങ്കിൽ എന്താണ് ഭയക്കാനുള്ള’’തെന്നായിരുന്നു ജസ്റ്റിസ് ജോസഫിന്റെ ചോദ്യം. നിയമനത്തിനെതിരേ ഉത്തരവുണ്ടായിരുന്നില്ലെന്ന് അറ്റോർണി പറഞ്ഞു. എങ്കിലും ഭരണഘടനാ ബെഞ്ചിനുമുമ്പാകെ പരാതിനിൽക്കുമ്പോൾ അങ്ങനെ ചെയ്യാമോയെന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചു. നിയമപ്രകാരമായിരുന്നു നടപടികളെങ്കിൽ തങ്ങൾ ഫയൽ കാണുന്നതുകൊണ്ട് സർക്കാരിന് നേട്ടമേയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിനെക്കൂടി പങ്കാളിയാക്കിയാൽ നല്ലത്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിനുള്ള ആലോചനാ നടപടികളിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉൾപ്പെടുത്തുന്നത് കമ്മിഷന്റെ സ്വതന്ത്രസ്വഭാവം ഉറപ്പാക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രം ഭരിക്കുന്ന പാർട്ടികൾക്ക്, അവർ പറയുന്നതിനെല്ലാം സമ്മതംമൂളുന്നയാളെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ഇപ്പോഴത്തെ രീതിപ്രകാരം സാധിക്കുമെന്നും ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രസംവിധാനം തന്നെയാണെന്ന് കേന്ദ്രം പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും വാദിച്ചു. എന്നാൽ, സംവിധാനത്തിന്റെ സ്വാതന്ത്ര്യം അതിലെ നിയമനംമുതൽ ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സമ്പ്രദായത്തിൽ കുഴപ്പമൊന്നുമില്ലെന്നും കോടതി ഇടപെടേണ്ടതില്ലെന്നുമാണ് അറ്റോർണി ജനറൽ വാദിച്ചത്. കേസിൽ വ്യാഴാഴ്ചയും വാദം തുടരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..