രാജ്യസഭയിൽ വെങ്കയ്യ നായിഡുവിന് വികാരനിർഭര യാത്രയയപ്പ്


ആത്മകഥ എഴുതണമെന്ന് അംഗങ്ങൾ

തന്നെക്കുറിച്ചുള്ള അംഗങ്ങളുടെ വിടപറയൽ പ്രസംഗം കേൾക്കവേ വെങ്കയ്യ നായിഡു കണ്ണീരണിഞ്ഞപ്പോൾ | Photo: Print

ന്യൂഡല്‍ഹി : ഭരണപ്രതിപക്ഷാംഗങ്ങൾക്ക് തുല്യമായി അവസരം നൽകിയും പ്രധാനാധ്യാപകനെപ്പോലെ ശാസിച്ചും പ്രാദേശികഭാഷയെ പ്രോത്സാഹിപ്പിച്ചും രാജ്യസഭാധ്യക്ഷസ്ഥാനത്തുപ്രവർത്തിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് വികാരനിർഭര യാത്രയയപ്പ്.

തിങ്കളാഴ്ച വർഷകാലസമ്മേളനം അവസാനിക്കുന്നതിനുമുമ്പ് നടന്ന അംഗങ്ങളുടെ വിടപറയൽ പ്രസംഗത്തിനിടെ ഒരുവേള വെങ്കയ്യ കണ്ണീരണിഞ്ഞു. വെങ്കയ്യയ്ക്ക്‌ ഒരു വയസ്സുള്ളപ്പോൾ അമ്മ വണ്ടിക്കാളയുടെ കുത്തേറ്റുമരിച്ചത്‌ തൃണമൂൽ കോൺഗ്രസ് അംഗം ഡെറിക് ഒബ്രയാൻ പരാമർശിച്ചപ്പോഴായിരുന്നു ഇത്. ഡെറിക്കും തിരുച്ചിശിവയും ഉൾപ്പെടെയുള്ള അംഗങ്ങൾ പുതിയ തലമുറയ്ക്കായി ആത്മകഥ എഴുതണമെന്ന് വെങ്കയ്യയോട് അഭ്യർഥിച്ചു.

വെങ്കയ്യയുടെ എപ്പോഴത്തെയും നർമോക്തിയുള്ള ഒറ്റവാചകം ‘ബഹുമാനിക്കുക, എതിരിടാതിരിക്കുക’ എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ അച്ചടക്കത്തിലൂടെയും അനുഭവ സമ്പത്തിലൂടെയും ഉപരിസഭയുടെ അന്തസ്സ് വെങ്കയ്യ കൂടുതൽ ഉയർത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെങ്കയ്യ പൊതുജീവിതത്തിൽനിന്ന് വിരമിക്കുകയോ ക്ഷീണിക്കുകയോ ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ദ്രാവിഡവേഷത്തിലൂടെ ഇന്ത്യയുടെ സംസ്കാരവൈവിധ്യത്തിനാണ് വെങ്കയ്യ അടിവരയിടുന്നതെന്ന് സി.പി.എം. അംഗം ജോൺ ബ്രിട്ടാസ് പറഞ്ഞു. തന്റെ ഹൃദയവികാരം പ്രകടമാക്കാൻ ഉചിതമായ വാക്കുകൾ കിട്ടുന്നില്ലെന്ന് സി.പി.ഐ. അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാവർക്കും പ്രചോദനം നൽകുന്ന വ്യക്തിത്വമായിരുന്നു വെങ്കയ്യയുടേതെന്ന് കേരളാ കോൺഗ്രസ് അംഗം ജോസ് കെ. മാണി പറഞ്ഞു. ക്ഷണം സ്വീകരിച്ച് തന്റെ കോളേജിൽ വന്നതടക്കമുള്ള സ്നേഹം മുസ്‌ലിം ലീഗ് അംഗം പി.വി. അബ്ദുൾ വഹാബ് ചൂണ്ടിക്കാട്ടി.

Content Highlights: emotional farewell to Venkaiah Naidu in the Rajya Sabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..