ചെങ്കോലിന്റെ മാതൃകയ്ക്കുസമീപം എത്തിരാജ് വുമ്മുഡി
ചെന്നൈ: മറവിയുടെ പൊടിപടലങ്ങൾ കുടഞ്ഞുമാറ്റി എത്തിരാജ് വുമ്മുഡിയുടെ മനസ്സിൽ തിളങ്ങിനിൽക്കുകയാണ് ആ സ്വർണച്ചെങ്കോൽ. മുക്കാൽ നൂറ്റാണ്ടുകാലം രാജ്യത്തിന്റെ വിസ്മൃതിയിൽ മറഞ്ഞുകിടന്ന ചരിത്രം നാടകീയമായി വെളിപ്പെട്ടതിന്റെ കഥ ചെന്നൈ ടി. നഗറിലെ വീട്ടിലെത്തുന്ന സന്ദർശകരോട് അഭിമാനപൂർവം പറഞ്ഞുകൊണ്ടേയിരിക്കുകയാണദ്ദേഹം.
ഇന്ത്യ സ്വതന്ത്രയാവുമ്പോൾ, അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നിയുക്ത പ്രധാനമന്ത്രി ജവാർലാൽ നെഹ്രുവിന് സമ്മാനിക്കുന്നതിന് സ്വർണച്ചെങ്കോൽ നിർമിക്കാൻ അന്നത്തെ മദ്രാസിലെ പ്രമുഖ ആഭരണ നിർമാതാവായിരുന്ന വുമ്മിഡി ബംഗാരു ചെട്ടിക്ക് നിർദേശം ലഭിക്കുമ്പോൾ മകൻ എത്തിരാജിന് 22 വയസ്സാണ് പ്രായം. നൂറു പവനിലേറെ സ്വർണം ചെലവിട്ട് ഒരുമാസം കൊണ്ട് അഞ്ചടി ഉയരത്തിൽ ചെങ്കോൽ പണിയുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും എത്തിരാജിന്റെ മനസ്സിലുണ്ട്. 15,000 രൂപയാണ് അന്നതിന് വിലയായി ലഭിച്ചതെന്ന് 97 വയസ്സു പിന്നിട്ട അദ്ദേഹം ഓർക്കുന്നു.
ചോളരാജപാരമ്പര്യം മാതൃകയാക്കി ചെങ്കോൽക്കൈമാറ്റച്ചടങ്ങു നടത്തണമെന്നത് രാജ്യത്തിന്റെ നിയുക്ത ഗവർണർ ജനറൽ സി. രാജഗോപാലാചാരിയുടെ ആശയമായിരുന്നു. രാജാജിയുടെ നിർദേശപ്രകാരം വീട്ടിലെത്തിയ മദ്രാസ് പ്രസിഡൻസിയിലെ ഉന്നതോദ്യോഗസ്ഥരാണ് ചെങ്കോൽ ഏറ്റുവാങ്ങി ഡൽഹിയിലേക്കു കൊണ്ടുപോയത്. ആ അമൂല്യവസ്തുവിന് പിന്നീടെന്തു സംഭവിച്ചു എന്ന് കുടുംബത്തിൽ ആർക്കും അറിയില്ലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽനിന്നുതന്നെ ആ ചെങ്കോൽ അപ്രത്യക്ഷമായി.
2018-ലാണ് സ്വാതന്ത്ര്യപ്പുലരിയിലെ ചെങ്കോൽ അലഹാബാദിലെ ആനന്ദഭവനിലെ കാഴ്ച ബംഗ്ലാവിലുണ്ടെന്ന് തമിഴ് മാസികയായ വികടനിലെ റിപ്പോർട്ടിൽനിന്ന് വുമ്മിഡി കുടുംബം അറിയുന്നത്. കുടുബത്തിലെ പിൻമുറക്കാരായ രഘുനാഥിന്റെയും അമരേന്ദ്രയുടെയും ഉദയിന്റെയും നിർദേശപ്രകാരം വുമ്മിഡി ബങ്കാരു ചെട്ടി ജൂവലറിയുടെ മാർക്കറ്റിങ് മേധാവി അരുൺ കുമാർ അലഹാബാദിലെത്തി അന്വേഷിച്ചു. ചെങ്കോൽ കണ്ടെത്തുകയും ചെയ്തു. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന് സമ്മാനിക്കപ്പെട്ട സ്വർണ ഊന്നുവടി എന്ന അടിക്കുറിപ്പിലാണ് കാഴ്ചബംഗ്ലാവിൽ അത് പ്രദർശിപ്പിച്ചിരുന്നത്. പക്ഷേ, നന്ദികേശ്വരന്റെയും ലക്ഷ്മീ ദേവിയുടെയും രൂപം കൊത്തിവെച്ച് തമിഴ് അക്ഷരങ്ങൾ ആലേഖനം ചെയ്ത ചെങ്കോൽ അരുൺകുമാർ തിരിച്ചറിഞ്ഞു.
ഈ കണ്ടെത്തലിനെക്കുറിച്ച് വുമ്മുഡി കുടുംബം ഒരു വീഡിയോ തയ്യാറാക്കി. അതു കണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെടുന്നതെന്ന് ഉദയ് വുമ്മുഡി പറഞ്ഞു. കേന്ദ്രസർക്കാരിനു വേണ്ടി എസ്. ഗുരുമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. ചെങ്കോലിന്റെ മാതൃക തയ്യാറാക്കാൻ വുമ്മുഡി കുടുംബത്തിന് അനുമതി ലഭിച്ചു. വെള്ളികൊണ്ട് നിർമിച്ച് സ്വർണം പൂശിയ മാതൃക ടി. നഗറിലെ വീട്ടിലുണ്ട്. സ്വർണത്തിൽ നിർമിച്ച യഥാർഥ ചെങ്കോൽ ഞായറാഴ്ച പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. വുമ്മുഡി കുടുംബത്തിലെ പത്തുപേർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..