പോരാട്ടം ജനാധിപത്യത്തിനു വേണ്ടി; ജയിലിലടച്ചാലും പിന്നോട്ടില്ല - രാഹുല്‍


2 min read
Read later
Print
Share

വർധിതവീര്യത്തോടെ വീണ്ടും

രാഹുൽ ഗാന്ധി ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം. നേതാക്കളായ ഭൂപേഷ് ബാഘേൽ, കെ.സി. വേണുഗോപാൽ, അശോക് ഗെഹ്​ലോത് എന്നിവർ സമീപം

ജീവിതകാലം മുഴുവൻ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും രാജ്യത്തെ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം താൻ അവസാനിപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

നരേന്ദ്ര മോദി-അദാനി ബന്ധത്തെക്കുറിച്ച് സഭയിൽ നടത്താനിരുന്ന അടുത്ത പ്രസംഗത്തെ ഭയന്നാണ് തന്നെ അയോഗ്യനാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. അയോഗ്യത, ജയിൽ, ആരോപണങ്ങൾ തുടങ്ങിയ ഭീഷണിയിൽ ഭയപ്പെടില്ലെന്നും തന്നെ ബി.ജെ.പി.ക്ക് ഇനിയും മനസ്സിലായിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടശേഷം ഡൽഹി എ.ഐ.സി.സി. ആസ്ഥാനത്ത് നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് നിലപാടിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. പിന്തുണച്ച പ്രതിപക്ഷ പാർട്ടികൾക്കെല്ലാം രാഹുൽ നന്ദി പറഞ്ഞു.

രാജ്യത്ത് ജനാധിപത്യം തകർക്കപ്പെട്ടിരിക്കുന്നെന്നും ഭരണഘടനാസ്ഥാപനങ്ങൾക്കുനേരെ ആക്രമണം നടക്കുകയാണെന്നും രാഹുൽ ആവർത്തിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ് ഇതിനെല്ലാം അടിസ്ഥാനം. അയോഗ്യതയോ അംഗത്വം പുനഃസ്ഥാപിക്കലോ തനിക്ക് വിഷയമല്ല. പാർലമെന്റിനകത്തോ പുറത്തോ എന്ന വ്യത്യാസമില്ല. എവിടെയായാലും പോരാട്ടം തുടരും. ബി.ജെ.പി.യെ തനിക്ക് ഭയമില്ല. അദാനി-മോദി വിഷയത്തിൽ ചോദ്യങ്ങൾ ഇനിയും ഉന്നയിക്കും.

പ്രധാനമന്ത്രിയുടെ കണ്ണുകളിൽ ഭയം നിഴിലിടുന്നത് താൻ കണ്ടതാണ്. അതുകൊണ്ടാണ് പാർലമെന്റിൽനിന്ന് ഒഴിവാക്കിയത്. സഭയ്ക്കുള്ളിൽ തന്റെ പ്രസംഗം തടസ്സപ്പെടുത്തി. ഇപ്പോൾ അയോഗ്യനാക്കി. ആരെങ്കിലും എന്തെങ്കിലും വിഷയമുയർത്തുമ്പോൾ ഉടൻ അയോഗ്യത, ഒ.ബി.സി. ആരോപണം, വിദേശ പ്രസംഗം എന്നൊക്കെ പറഞ്ഞ് സർക്കാർ ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണ്. മോദി-അദാനി ബന്ധം വ്യക്തമാക്കുന്ന തെളിവുകളോടെ താൻ പാർലമെന്റിൽ സംസാരിച്ചു. ഉടൻ ബി.ജെ.പി. നടപടികൾ തുടങ്ങി. പ്രസംഗം സഭയുടെ രേഖയിൽനിന്ന് സ്പീക്കർ നീക്കി. ഉടനെ കാര്യകാരണങ്ങൾ വിശദീകരിച്ച് സ്പീക്കർക്ക് കത്തെഴുതി. വിഷയങ്ങളുടെ തെളിവുകളും നൽകി. സ്പീക്കറിൽനിന്ന് ഒരു മറുപടിയും ലഭിച്ചില്ല. പിന്നീട് ലണ്ടനിൽ താൻ നടത്തിയ പ്രസംഗത്തിനെതിരേ ഒരു മന്ത്രി പാർലമെന്റിൽ നുണ പറഞ്ഞു. വിശദീകരണത്തിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സ്പീക്കർക്ക് കത്തെഴുതി. ഈ കത്തിനും മറുപടി ലഭിച്ചില്ല. സ്പീക്കറെ നേരിൽ കണ്ട്, സഭയിൽ സംസാരിക്കാൻ അവസരം നൽകണമെന്ന്‌ അഭ്യർഥിച്ചു. എന്നാൽ, തനിക്ക് അതിന് കഴിയില്ലെന്നും ചായ കുടിച്ചു പോകാമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. തന്റെ പ്രസംഗം സഭയുടെ രേഖയിലുമില്ല. തന്റെ ചോദ്യങ്ങളിൽ നിന്ന് പ്രധാനമന്ത്രിയെ സംരക്ഷിക്കാനുണ്ടാക്കിയ നാടകമാണിതെല്ലാം. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്തുന്നതിനു വേണ്ടിയുള്ള പോരാട്ടം തന്റെ കടമയാണെന്നും രാഹുൽ പറഞ്ഞു.

ഗാന്ധി മാപ്പ് പറയാറില്ലെന്ന് രാഹുൽ

ലണ്ടനിലെ പരാമർശങ്ങൾക്ക് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബി.ജെ.പി.യുടെ ആവശ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തന്റെ പേര് സവർക്കർ എന്നല്ല, ഗാന്ധി എന്നാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ഗാന്ധി ആരോടും മാപ്പ് പറയാറില്ല എന്നും പറഞ്ഞു. അന്തമാൻ ജയിലിൽനിന്ന് മോചനത്തിനായി ബ്രിട്ടീഷ് സർക്കാരിന് വി.ഡി. സവർക്കർ മാപ്പപേക്ഷ നൽകിയെന്ന ആരോപണം നേരത്തേ രാഹുൽ ഉന്നയിച്ചതിനെതിരേ ബി.ജെ.പി കടുത്ത വിമർശനമുയർത്തിയിരുന്നു.

Content Highlights: Even if jailed there is no turning back says rahul gandhi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..