ബി.എസ്.പി.യുടെ ബ്രാഹ്മണ മുഖം നകുൽ ദുബെ കോൺഗ്രസിൽ


കൂടുതൽ ബി.എസ്.പി., എസ്.പി. നേതാക്കൾ ചേരുമെന്ന് കോൺഗ്രസ്

നകുൽ ദുബെ പ്രിയങ്കാ ഗാന്ധിയോടൊപ്പം

ന്യൂഡൽഹി: മുതിർന്നനേതാവ് കപിൽ സിബലിനെ സമാജ് വാദി പാർട്ടി രാജ്യസഭാ സ്ഥാനാർഥിയാക്കിയതിനു പിന്നാലെ ഉത്തർപ്രദേശിൽനിന്ന് മുൻ ബി.എസ്.പി. നേതാവിനെ പിടിച്ച് കോൺഗ്രസ്.

ബി.എസ്.പി. സർക്കാരിൽ മന്ത്രിയായിരുന്ന നകുൽ ദുബെ വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നു. ബ്രാഹ്മണ-ദളിത് സഖ്യത്തിലൂടെ 2007-ൽ മായാവതിയെ അധികാരത്തിലേറ്റുന്നതിൽ മുഖ്യപങ്കുവഹിച്ച മായാവതിയുടെ വിശ്വസ്തൻ സതീഷ് ചന്ദ്രയ്ക്കൊപ്പം പ്രവർത്തിച്ചയാളാണ് ദുബെ. അച്ചടക്കലംഘനത്തെത്തുടർന്ന് കഴിഞ്ഞമാസം ഇദ്ദേഹത്തെ ബി.എസ്.പി. പുറത്താക്കിയിരുന്നു.

വരുംദിവസങ്ങളിൽ യു.പി.യിൽനിന്ന് ഒട്ടേറെ ബി.എസ്.പി., എസ്.പി. നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് എ.ഐ.സി.സി. ആസ്ഥാനത്ത് ദുബെയെ സ്വീകരിക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ബി.ജെ.പി.യെ നേരിടാനാവുന്ന ഏകശക്തിയായതിനാലാണ് കോൺഗ്രസിൽ ചേർന്നതെന്ന് നകുൽ ദുബെയും പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.യിൽ കോൺഗ്രസിന്റെ അടിത്തറ വികസിപ്പിക്കുന്നതിന് പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി ദുബെ കൂടിക്കാഴ്ച നടത്തിയിരുന്നതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. മായാവതി സർക്കാരിൽ നഗരവികസന മന്ത്രിയായിരുന്നു 56-കാരനായ ദുബെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..