കയറ്റുമതി കൂട്ടണം; നിതി ആയോഗിൽ പ്രധാനമന്ത്രി


By സ്വന്തം ലേഖകൻ

1 min read
Read later
Print
Share

Photo: ANI

ന്യൂഡൽഹി: വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവയിൽ സംസ്ഥാനങ്ങൾ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതിയോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. അതുവഴിമാത്രമേ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി പ്രോത്സാഹിപ്പിച്ച് പുരോഗതിനേടാനും കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷികമേഖലയെ സ്വയംപര്യാപ്തമാക്കാൻ കൃഷി ആധുനികവത്കരണത്തിനും കന്നുകാലിവളർത്തലിനും ഭക്ഷ്യസംസ്കരണത്തിനും രാജ്യം ഊന്നൽനൽകണം. കോവിഡ് മഹാമാരിയെ രാജ്യത്തിനു പ്രതിരോധിക്കാനായത് കൂട്ടായ പരിശ്രമത്തിലൂടെയാണ്. അതിൽ എല്ലാസംസ്ഥാനങ്ങളും സുപ്രധാന പങ്കുവഹിച്ചു. വികസ്വരരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒരു മാതൃകയായി ഉയർന്നുവന്നത് അതിനാലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിൽ നടന്ന യോഗത്തിൽ കേരളത്തിൽനിന്ന് പിണറായി വിജയനടക്കം 23 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ പങ്കെടുത്തു. അർബൻ ഭരണനിർവഹണം, കാർഷികമേഖല, പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കൽ എന്നീ വിഷയങ്ങളിലായിരുന്നു പ്രധാന ചർച്ച. എല്ലാ സംസ്ഥാനങ്ങളും വിഷയാവതരണം നടത്തി. തെലങ്കാന യോഗം ബഹിഷ്കരിച്ചു. കേന്ദ്രസർക്കാരിന്റെ വിവേചന നിലപാടിനോടുള്ള പ്രതിഷേധമായാണ് ബഹിഷ്കരണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർറാവു പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാറും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്തില്ല. നിതീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിട്ടുനിന്നത്. പിതാവ് എം. കരുണാനിധിയുടെ ചരമവാർഷിക ദിനമായതിനാലാണ് സ്റ്റാലിൻ എത്താതിരുന്നത്. വിഷയാധിഷ്ഠിതമായാണ് യോഗം നടന്നതെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെറി, സി.ഇ.ഒ. പരമേശ്വരൻ അയ്യർ, അംഗങ്ങളായ വി.കെ. പോൾ, രമേശ് ചന്ദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..