ഭാരത് ജോഡോ പദയാത്രയ്‌ക്ക്‌ സമാപനം


By ശ്രീനഗറിൽനിന്ന് പ്രകാശൻ പുതിയേട്ടി

2 min read
Read later
Print
Share

ഇന്ന് റാലിയും പൊതുസമ്മേളനവും

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി

: ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽചൗക്കിൽ ത്രിവർണ പതാക ഉയർത്തി ദേശീയഗാനം ആലപിച്ചതോടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പദയാത്രയ്ക്ക് ഉജ്ജ്വല സമാപനം. തിങ്കളാഴ്ച രാവിലെ 10.30-ന് ശേർ എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വിവിധ പ്രതിപക്ഷപാർട്ടിനേതാക്കൾ പങ്കെടുക്കുന്ന റാലിയോടെയും പൊതുസമ്മേളനത്തോടെയും 135 ദിവസം നീണ്ട പദയാത്രയുടെ ഔദ്യോഗിക പരിസമാപ്തിയാവും.

ലാൽചൗക്കിലെ പതാക ഉയർത്തൽ ചടങ്ങിൽ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു. ഇതിനകം 14 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലായി 4080 കിലോമീറ്റർ ജാഥ പിന്നിട്ടു.

ഘണ്ട ഘർ (ക്ലോക്ക് ടവർ) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ലാൽചൗക്കിൽ 1947 നവംബർ 20-ന് ആദ്യമായി ദേശീയപതാക ഉയർത്തിയ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ജമ്മു കശ്മീരിലെ ജനതയ്ക്ക് സ്വയംനിർണയാവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവിടെ പതാക ഉയർത്തിയതിനുപിന്നാലെ ‘ലാൽചൗക്കിൽ ത്രിവർണപതാക ഉയർത്തുന്നു, ഇന്ത്യക്ക്‌ നൽകിയ വാഗ്‌ദാനം ഇന്ന് നിറവേറ്റപ്പെട്ടു’ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. ‘വെറുപ്പു തോൽക്കും, സ്നേഹം എപ്പോഴും ജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ പ്രഭാതം ഉണ്ടാകും’ എന്നും രാഹുൽ പറഞ്ഞു.

1992-ൽ റിപ്പബ്ളിക് ദിനത്തിൽ ബി.ജെ.പി. അധ്യക്ഷൻ മുരളി മനോഹർ ജോഷി കനത്തസുരക്ഷയിൽ ലാൽചൗക്കിൽ പതാക ഉയർത്തിയിരുന്നു. രാഹുൽ പതാക ഉയർത്തുമ്പോഴും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. ശനിയാഴ്ച രാത്രിതന്നെ ലാൽചൗക്കിലേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു.

പാന്ത ചൗക്കിൽനിന്ന് തുടങ്ങിയ പദയാത്രയുടെ അവസാന ദിനത്തിലും റോഡിനിരുവശവും സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് രാഹുലിനെ കാണാനും അഭിവാദ്യം അർപ്പിക്കാനും തടിച്ചുകൂടിയത്.

സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിനാണ് യാത്ര ഉദ്ഘാടനംചെയ്തത്. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവർക്കുപിന്നാലെ ശനിയാഴ്ച കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയും യാത്രയിൽ പങ്കാളിയായി. കശ്മീരിൽ പി.ഡി.പി.യുടെയും നാഷണൽ കോൺഫറൻസിന്റെയും പ്രവർത്തകരും ജാഥയിലുടനീളം ഉണ്ടായിരുന്നു. തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലൂടെയുള്ള യാത്രയിൽ വിവിധ പ്രതിപക്ഷപാർട്ടി നേതാക്കളും എഴുത്തുകാരും ചലച്ചിത്രതാരങ്ങളും കായിക താരങ്ങളും സൈനികരും പങ്കെടുത്തു.

Content Highlights: Finale Of Rahul Gandhi's Yatra

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..