ഡൽഹി ഉപമുഖ്യന്റെ വീട്ടിൽ സി.ബി.ഐ. റെയ്ഡ്


2 min read
Read later
Print
Share

സർക്കാരിന്റെ മദ്യനയത്തിൽ ക്രമക്കേടെന്ന് സി.ബി.ഐ.

സിബിഐ റെയ്ഡിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പ്രതികരിക്കുന്നു. | Photo: ANI

ന്യൂഡൽഹി: മദ്യവിൽപ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡൽഹി സർക്കാരിന്റെ എക്സൈസ് നയത്തിൽ ക്രമക്കേടാരോപിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലടക്കം 30 സ്ഥലങ്ങളിൽ സി.ബി.ഐ. റെയ്ഡ് നടത്തി.

എക്സൈസ്‌മന്ത്രികൂടിയായ സിസോദിയയുടെ വീടിനുപുറമേ മുൻ എക്സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം സ്ഥലങ്ങളിലായി ഏഴുസംസ്ഥാനങ്ങളിൽ തിരച്ചിൽ നടന്നു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന പലയിടത്തും രാത്രി വൈകിയും തുടർന്നു.

ആം ആദ്മി പാർട്ടിയിലെ രണ്ടാമനായ സിസോദിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കം 18 വകുപ്പുകളാണ് അദ്ദേഹം കൈകാര്യംചെയ്യുന്നത്. ഡൽഹിയിലെ വിദ്യാഭ്യാസമാതൃകയെക്കുറിച്ച് സിസോദിയയുടെ ചിത്രംസഹിതം ‘ന്യൂയോർക്ക് ടൈംസ്’ ദിനപത്രത്തിൽ ഒന്നാംപേജ് വാർത്തവന്ന ദിവസംതന്നെയാണ് അദ്ദേഹത്തിനെതിരായ സി.ബി.ഐ. നടപടി. സി.ബി.ഐ. അന്വേഷണത്തെ സ്വാഗതംചെയ്ത സിസോദിയ കോടതിയിൽ സത്യം തെളിയുമെന്ന് ട്വീറ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രി സത്യേന്ദർ ജെയിനിനെ എൻഫോഴ്സ്‍‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) അറസ്റ്റുചെയ്തതിനുപിന്നാലെ മറ്റൊരു മന്ത്രിക്കെതിരേ സി.ബി.ഐ.യും ഇറങ്ങിയത് ഡൽഹി സർക്കാരിനും ആം ആദ്മി പാർട്ടിക്കും തിരിച്ചടിയായി.

സിസോദിയയെ ഒന്നാം പേരുകാരനാക്കി 15 പേരെ പ്രതിചേർത്ത് സി.ബി.ഐ. എഫ്.ഐ.ആർ. രജിസ്റ്റർചെയ്തു. ‘ഒൺലി മച്ച് ലൗഡർ’ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒ. വിജയ് നായർ (മുംബൈ), തെലങ്കാന സ്വദേശി അരുൺ രാമചന്ദ്രപിള്ള എന്നീ മലയാളികളുടെ പേരും ഇതിലുൾപ്പെടുന്നു. സിസോദിയയുടെ സഹായിയുടെ കമ്പനിക്ക് മദ്യവ്യാപാരി ഒരുകോടി രൂപ നൽകിയെന്നാണ് സി.ബി.ഐ. എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. മുൻ എക്സൈസ് കമ്മിഷണർ ആരവ ഗോപി കൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ആനന്ദ് കുമാർ തിവാരി, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പങ്കജ് എന്നിവരുടെയും ചില ബിസിനസുകാരുടെയും പേര്‌ പ്രതിപ്പട്ടികയിലുണ്ട്.

സി.ബി.ഐ. എഫ്.ഐ.ആറിൽ പറയുന്നത്

വിജയ് നായർ, മനോജ് റായ്, അമൻദീപ് ധാൽ, സമീർ മഹേന്ദ്രു എന്നിവർക്ക് മദ്യനയത്തിന്റെ രൂപവത്കരണത്തിലും നടപ്പാക്കലിലും പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ ആരോപിക്കുന്നു. ഗുരുഗ്രാമിലെ ബഡ്ഡി റീട്ടെയിൽ എന്ന കമ്പനിയുടെ ഡയറക്ടർ അമിത് അറോറ, ദിനേശ് അറോറ, അർജുൻ പാണ്ഡെ എന്നിവർ സിസോദിയയുടെ അടുത്ത സഹായികളാണ്. ലൈസൻസ് അനുവദിക്കുന്നതിനായി ഇവർ മുഖേന വലിയ തുക തട്ടിയെടുത്തു. മദ്യവ്യാപാരിയായ സമീർ മഹേന്ദ്രുവിൽനിന്ന് ദിനേശ് അറോറ ഒരുകോടി രൂപ വാങ്ങി. സമീറിൽനിന്ന് അരുൺ രാമചന്ദ്രപിള്ള പണംവാങ്ങി വിജയ് നായർ മുഖേന ഉദ്യോഗസ്ഥർക്ക് കൈമാറി. രേഖകളിൽ വ്യാജമായി കണക്കുണ്ടാക്കി ഈ ഇടപാടുകൾ നടത്തി.

ഡൽഹിയിലെ വിവാദ എക്സൈസ് നയം

2021 നവംബർ 16-ന് നിലവിൽവന്നു. മദ്യവിൽപ്പനയിൽനിന്ന് സർക്കാർ പൂർണമായി പിന്മാറി സ്വകാര്യമേഖലയ്ക്ക് മദ്യവിതരണം കൈമാറി. ഡൽഹിയെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും 27 മദ്യശാലകൾക്ക് അനുമതി നൽകി. മദ്യത്തിന്റെ പരമാവധി നിരക്കിനെക്കാൾ വിലകുറച്ചുവിൽക്കാനും ഇളവുകൾ നൽകാനും അനുമതി. ഇതിന്റെ ഫലമായി പല മദ്യശാലയിലും മദ്യക്കുപ്പികൾ ഒന്നെടുത്താൽ ഒന്ന് സൗജന്യമായി ലഭിച്ചിരുന്നു. ഡ്രൈഡേകളുടെ എണ്ണം 21-ൽനിന്ന് മൂന്നായി കുറച്ചു (റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി). വരുമാനം വർധിപ്പിക്കുക, ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുക, അനധികൃത മദ്യവിൽപ്പന അവസാനിപ്പിക്കുക എന്നിവയാണ് ലക്ഷ്യമായി പറയുന്നത്.

Content Highlights: Firestorm as CBI searches Sisodia home, names him in corruption FIR

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..