വിദേശസർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് തുടങ്ങാം; യു.ജി.സി. കരടുചട്ടം പുറത്തിറക്കി


കോവിഡ് വ്യാപന ഭീതിയാൽ അടച്ചിട്ടിരുന്ന കോളേജുകൾ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിച്ചതിനെ തുടർന്ന് തിരുവനന്തപുരം വനിതാ കോളേജിലെത്തിയ വിദ്യാർത്ഥിനികൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

ന്യൂഡൽഹി: വിദേശസർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ കാമ്പസ് തുടങ്ങാൻ അനുവദിക്കുന്ന കരടു മാർഗനിർദേശം യു.ജി.സി. പുറത്തിറക്കി. ആഗോളതലത്തിൽ 500 റാങ്കിനുള്ളിലുള്ള സർവകലാശാലകൾക്കും അതതുരാജ്യത്ത് ഉന്നതയശസ്സുള്ള സ്ഥാപനങ്ങൾക്കുമാണ് അനുമതി നൽകുകയെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ് കുമാർ അറിയിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ കോഴ്‌സുകളും എല്ലാവിഷയങ്ങളിലും സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ഫുൾെൈടം റെഗുലർ രീതിയിൽ നടത്താനുള്ള അനുമതിയാണ് നൽകുക. ഓൺലൈൻകോഴ്‌സുകൾ അനുവദിക്കില്ല. സംയുക്തകോഴ്‌സുകൾ, ഇരട്ടബിരുദം തുടങ്ങിയവയടക്കം നൽകാൻ ആദ്യം പത്തുവർഷത്തേക്കാണ് അനുമതി. തൃപ്തികരമെങ്കിൽ തുടരാൻ അനുവദിക്കും.

2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ചുള്ള ചട്ടമാണ് യു.ജി.സി. ഗസറ്റിലടക്കം പ്രസിദ്ധീകരിച്ചത്. ഇവയിൽ ജനുവരി 18 വരെ പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായമറിയിക്കാം. യു.ജി.സി. നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപകലഭ്യത, ഫീസ് ഘടന, അക്കാദമിക പരിപാടികൾ, കോഴ്‌സുകൾ, സിലബസ്, സാമ്പത്തികസ്രോതസ്സ്, മറ്റു വിവരങ്ങൾ എന്നിവയടങ്ങിയ അപേക്ഷ ബന്ധപ്പെട്ട രാജ്യത്തെ സർക്കാരിന്റെ അനുമതിയോടെയാണ് നൽകേണ്ടത്. ഏതെങ്കിലുംതരത്തിൽ കോഴ്‌സ് ഇന്ത്യയിൽ മുടക്കേണ്ടിവന്നാൽ വിദ്യാർഥികളെ അതു ബാധിക്കാത്തതരത്തിൽ മറ്റു സൗകര്യങ്ങൾ എങ്ങനെ ഏർപ്പെടുത്തും എന്നും വിശദമാക്കണം. ഈ വിദ്യാർഥികളുടെ തുടർപഠനം മാതൃസ്ഥാപനത്തിലാവണം.

കമ്മിഷന്റെ മുൻകൂർഅനുമതി ഇല്ലാതെ ഒരുകോഴ്‌സും നിർത്താനാവില്ല. വിദ്യാഭ്യാസനിലവാരം അതതുരാജ്യത്ത് നൽകുന്ന അതേ തരത്തിലാവണം. സർട്ടിഫിക്കറ്റുകൾക്കും ആഗോളതലത്തിൽ അതേ അംഗീകാരം ലഭിക്കണം. അപേക്ഷ സ്വീകാര്യമായാൽ ഇതു പരിശോധിക്കാൻ യു.ജി.സി. സ്റ്റാൻഡിങ് കമ്മിറ്റിയെ നിശ്ചയിക്കും. 45 ദിവസത്തിനുള്ളിൽ കമ്മിറ്റി ശുപാർശ നൽകണം. ഇതു പരിശോധിച്ച് 45 ദിവസത്തിനുള്ളിൽ യു.ജി.സി. അനുമതി നൽകും. നിശ്ചിതകാലയളവിനുള്ളിൽ കാമ്പസ് തുടങ്ങണം. വിദ്യാർഥികൾക്ക് താങ്ങാനാവുന്നതരത്തിലുള്ള മാന്യമായ ഫീസാകണം. അധ്യാപകനിയമനം അതത്‌ രാജ്യങ്ങളിലെ യോഗ്യതയ്ക്കനുസരിച്ചുതന്നെയാവണം. വിദേശഅധ്യാപകർ നിശ്ചിത കാലയളവിൽ കാമ്പസിൽ താമസിക്കണം. ഇവിടെനിന്നുള്ള വരുമാനം സ്വന്തംരാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് തടസ്സമില്ല. അത് ഫെമ നിയമങ്ങൾക്കനുസൃതമായിരിക്കണം -കരടുനിർദേശത്തിൽ പറയുന്നു. bb തർക്കങ്ങൾക്ക് തീർപ്പ് ഇന്ത്യൻ നിയമപ്രകാരം bb

കാമ്പസുകളുടെ അടിസ്ഥാനസൗകര്യം, അക്കാദമിക നിലവാരം എന്നിവ പരിശോധിക്കാൻ യു.ജി.സി.ക്ക് അധികാരമുണ്ടാവുമെന്ന് യു.ജി.സി. സെക്രട്ടറി പ്രൊഫ. രജനീഷ് ജെയിൻ വ്യക്തമാക്കി. വിദേശസ്ഥാപനം നിശ്ചിതഫീസും വർഷാവർഷം നൽകണം. തർക്കങ്ങളെല്ലാം പരിഹരിക്കുക ഇന്ത്യൻ നിയമപ്രകാരമാവും.

Content Highlights: Foreign universities can set up campuses in India; UGC released draft

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..