അരിക്കൊമ്പൻ | File Photo: Mathrubhumi
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ആനയെ ചില പ്രത്യേകമേഖലയിൽ തുറന്നുവിടണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നും ചൊവ്വാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി മധുര ബെഞ്ച് വ്യക്തമാക്കി. ഹർജി സമർപ്പിച്ചത് പൊതുജനശ്രദ്ധ നേടാനാണെന്ന് വിമർശിച്ച കോടതി ഹർജി പ്രത്യേക ഫോറസ്റ്റ് ബെഞ്ചിന് കൈമാറാൻ ഉത്തരവിട്ടു.
എറണാകുളം സ്വദേശിനി റെബേക്ക ജോസഫാണ് അരിക്കൊമ്പനെ അതിന് പരിചിതമായ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാരുടെ നിരീക്ഷണം വേണമെന്നും ഹർജിയിലാവശ്യപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ചാണ് തമിഴ്‌നാട് സർക്കാർ ആനയെ പിടിച്ചതെന്ന് ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ചില തീരുമാനങ്ങൾ ഉദ്യോഗസ്ഥർതന്നെ എടുക്കണമെന്നും കോടതിക്ക് നേരിട്ടടപെടാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച കോടതി, പശ്ചിമഘട്ടവും വനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ഫോറസ്റ്റ് ബെഞ്ച് ഈ കേസും പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു.
Content Highlights: forest bench of madras high court will consider arikomban plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..